മാപ്പെഴുതി നല്‍കി ; ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തു
മാപ്പ് പറയുന്നതില്‍ പിശക് കാണുന്നില്ലെന്നും പാര്‍ട്ടിയോട് മാപ്പ് പറയുന്നതില്‍ അഭിമാനമെന്നും ലാലി ജെയിംസ് കൂട്ടിച്ചേര്‍ത്തു
മേയര്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിനെ തുടര്‍ന്ന് വിവാദ പ്രസ്താവന നടത്തി പാര്‍ട്ടി നടപടി നേരിട്ട തൃശ്ശൂര്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് വീണ്ടും കോണ്‍ഗ്രസില്‍. ഡിസിസി അധ്യക്ഷനും മാപ്പ് എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് ലാലി ജെയിംസിനെ തിരിച്ചെത്താനുള്ള വഴി തുറന്നത്. തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ലാലി എത്തി. രാജന്‍ പല്ലനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുമെന്ന ലാലി പറഞ്ഞു.
മാപ്പ് പറയുന്നതില്‍ പിശക് കാണുന്നില്ലെന്നും പാര്‍ട്ടിയോട് മാപ്പ് പറയുന്നതില്‍ അഭിമാനമെന്നും ലാലി ജെയിംസ് കൂട്ടിച്ചേര്‍ത്തു. ലാലിയുടെ മടങ്ങിവരവ് കൂടുതല്‍ ഗുണകരമാകുമെന്ന് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന്‍ പറഞ്ഞു.
മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണം ലാലി ജെയിംസ് ഉന്നയിച്ചത്. മേയറായി തീരുമാനിച്ച നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നാണ് മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജയിംസ് ആരോപിച്ചത്. വിവാദത്തിന് പിന്നാലെ ലാലി ജെയിംസിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു.
.jpg)


