മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

highcourt

"ചില പ്രതികളെ മാത്രം പ്രോസിക്യൂഷനിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? നിങ്ങൾക്ക് താത്പര്യമില്ലാത്ത ചിലർക്കെതിരെ മാത്രം നടപടിയെടുക്കുകയും മറ്റ് ചിലരെ സംരക്ഷിക്കുകയും ചെയ്യുന്നത്

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനും അഭിഭാഷകനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു.

 "ചില പ്രതികളെ മാത്രം പ്രോസിക്യൂഷനിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? നിങ്ങൾക്ക് താത്പര്യമില്ലാത്ത ചിലർക്കെതിരെ മാത്രം നടപടിയെടുക്കുകയും മറ്റ് ചിലരെ സംരക്ഷിക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ്? എന്തുകൊണ്ടാണ് സർക്കാരിന് ഈ പക്ഷപാതപരമായ സമീപനം?" എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.

കേസിലെ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനും പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർമാർക്കും എതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഭരണകൂടത്തിന്റെ ഒത്തുകളിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം അനുസരിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതിലാണ് അഡീഷണല്‍ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചത്.

Tags