'ഹരിതകര്‍മസേന ഇനി മുതല്‍ സംരംഭകര്‍'; പുതിയ പ്ലാനുമായി സര്‍ക്കാര്‍

Kudumbashree Haritha Karma Sena

ക്ലീനിങ് യൂണിറ്റുകള്‍, ജൈവവളം നിർമാണം, പുനരുപയോഗ മൂല്യവർധിത ഉല്‍പന്നങ്ങള്‍, ഹോം കംപോസ്റ്റിങ് യൂണിറ്റുകള്‍ എന്നിവ പോലുള്ള മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാൻ കഴിയും.

കൊച്ചി : ഹരിതകർമസേനാംഗങ്ങളുടെ സേവനം കേവലം മാലിന്യശേഖരണത്തില്‍ മാത്രം ഒതുക്കാതെ, അവരെ പുതിയ സംരംഭങ്ങളിലേക്ക് നയിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമായി 'സംരംഭ വികസന പദ്ധതി' രൂപീകരിക്കാൻ പുതുക്കിയ മാർഗനിർദേശങ്ങള്‍ സർക്കാർ പുറത്തിറക്കി.

ഹരിതകർമ സേനാംഗങ്ങളുടെ നിലവിലെ വരുമാന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളോടു ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ പ്രോത്സാഹനം നല്‍കുകയും ചെയ്യുകയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ (KSWMP) കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഹരിതകർമസേന കണ്‍സോർഷ്യങ്ങളുടെ നേതൃത്വത്തില്‍ ചെറുകിട സംരംഭക യൂണിറ്റുകള്‍ രൂപീകരിക്കും. പ്ലാസ്റ്റിക് ശേഖരണം, തരംതിരിക്കല്‍, റീസൈക്ലിങ് അനുബന്ധ പ്രവർത്തനങ്ങള്‍, ക്ലീനിങ് യൂണിറ്റുകള്‍, ജൈവവളം നിർമാണം, പുനരുപയോഗ മൂല്യവർധിത ഉല്‍പന്നങ്ങള്‍, ഹോം കംപോസ്റ്റിങ് യൂണിറ്റുകള്‍ എന്നിവ പോലുള്ള മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാൻ കഴിയും.

ഇത്തരം യൂണിറ്റുകള്‍ക്ക് എംഎസ്‌എംഇ റജിസ്ട്രേഷൻ നേടാനും ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാനും സൗകര്യമൊരുക്കും.ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ മൂലധനം, ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായം, ആറുമാസം വരെയുള്ള വർ‍ക്കിങ് ക്യാപ്പിറ്റല്‍, പരിശീലനവും സാങ്കേതിക പിന്തുണയും സർക്കാർ നല്‍കും.

Tags