ഒരു കലാസൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴ്ച : ഹരീഷ് പേരടി

hareesh peradi
hareesh peradi

ഒരു കലാസൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴ്ചയാണ്  നടൻ ഹരീഷ് പേരടി.എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം തുടരവേ, എല്ലാ പാർട്ടികളെയും വിളിച്ച് മുഖ്യമന്ത്രി സർവകക്ഷി യോഗം ചേരണമെന്ന് ഹരീഷ്  പേരടി ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി സഖാവിന്... സഖാവേ, ഒരു കലാസൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ തുടരുന്നത്. ഇതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള സമയമല്ലിത് എന്ന് ഞാൻ കരുതുന്നു. ഇത് തുടർന്ന് പോകുന്നത് നമ്മൾ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മതസൗഹാർദത്തിനും സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ നിലനിൽപ്പിനും കോട്ടം തട്ടുന്നതാണ്. അതിനാൽ എത്രയും പെട്ടന്ന് ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും കോൺഗ്രസ്സിന്റെയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്. ഒരു കലകാരന്റെ സാമൂഹിക ഉത്തരവാദിത്വമാണ് ഇവിടെ രേഖപ്പെടുത്തിയത് എന്ന ഉറച്ച വിശ്വാസത്തോടെ, ഹരീഷ് പേരടി' -നടൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

എമ്പുരാനെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം കടുപ്പിച്ചതോടെ സിനിമയുടെ എഡിറ്റ് ചെയ്ത പതിപ്പാകും വരുംദിവസങ്ങളിൽ തിയറ്ററിലെത്തുക. റീസെൻസർ ചെയ്ത പതിപ്പിൽ സിനിമയിലെ 17 ഇടത്താണ് വെട്ടിത്തിരുത്തൽ നടത്തിയത്. പ്രധാന വില്ലന്‍റെ പേര് ‘ബജ്റംഗി’ എന്നത് ‘ബൽരാജ്’ എന്നാക്കി മാറ്റി. 18 ഇടങ്ങളിൽ പേരുമാറ്റി ഡബ്ബ് ചെയ്തു. ഗർഭിണിയായ സ്ത്രീയെ അക്രമികൾ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങളും ഒഴിവാക്കി. എൻ.ഐ.എ ലോഗോ ഒഴിവാക്കി. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിക്കുന്നതായി പരാമർശിക്കുന്ന രംഗവും ഒഴിവാക്കിയതിലുൾപ്പെടും.

സിനിമ നേരത്തെ സെൻസർ ചെയ്ത റീജനൽ ഓഫീസർക്കും സെൻസറിങ് അംഗങ്ങൾക്കുമെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നടപടി വേണമെന്ന് സംഘ്പരിവാർ സംഘടനകൾ ആവശ്യപ്പെടുന്നതായാണ് വിവരം. റീസെൻസറിങ്ങിനു മുമ്പ് ചിത്രം കാണാനുള്ള തിരക്ക് തുടരുകയാണ്. മിക്ക തിയേറ്ററുകളിലും ഹൗസ് ഫുള്ളായാണ് ചിത്രം ഓടുന്നത്.

വിവാദങ്ങൾക്കിടെ മോഹൻലാൽ 200 കോടി ക്ലബിൽ കടന്നിരിക്കുകയാണ് എമ്പുരാൻ. 200 കോടിയെന്ന കടമ്പ എമ്പുരാൻ മറികടന്നുവെന്ന് മോഹൻലാലും പൃഥ്വിരാജും ഫേസ്ബുക്കിൽ കുറിച്ചു. റിലീസ് ചെയ്ത് അഞ്ച് ദിവസമാകുമ്പോഴാണ് ചിത്രം 200 കോടിയെന്ന നേട്ടത്തിലെത്തിയത്.
 

Tags

News Hub