തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിയ ഹനുമാന്‍ കുരങ്ങുകളിൽ രണ്ടെണ്ണം കൂട്ടിലെത്തി

Hanuman monkeys who jumped from the Thiruvananthapuram zoo have reached the cage
Hanuman monkeys who jumped from the Thiruvananthapuram zoo have reached the cage

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ  3 ഹനുമാന്‍ കുരങ്ങുകളിൽ രണ്ടെണ്ണത്തെ തിരികെ കൂട്ടില്‍ എത്തിച്ചു. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. ഇന്നലെ വൈകിട്ട് ഒരെണ്ണം കൂടിനു സമീപത്തെ മതിലിൽ ചാരി വച്ച മരക്കമ്പിലൂടെ സ്വയം കൂട്ടിലേക്കു മടങ്ങുകയായിരുന്നു. രണ്ടാമത്തെ കുരങ്ങിനെ മൃഗശാല ജീവനക്കാർ മരത്തിൽ കയറിയാണ് പിടികൂടിയത്. അതേസമയം ഒരു കുരങ്ങ് മരത്തില്‍ തുടരുകയാണ്. 

തിങ്കളാഴ്ച രാവിലെയാണ് 3 പെൺ ഹനുമാൻ കുരങ്ങുകളെ കാണാതായത്. പിന്നീട് ഇവയെ തുറന്ന കൂടിനു സമീപത്തെ മരത്തിൽ കണ്ടെത്തുകയായിരുന്നു. പഴങ്ങളും മറ്റും കൂടിനു സമീപം വച്ചും ഇണയെ കാണിച്ചും കൂട്ടിലെത്തിക്കാനായിരുന്നു അധികൃതരുടെ ശ്രമം. രാത്രിയിൽ കുരങ്ങുകളുടെ നീക്കം നിരീക്ഷിച്ചിരുന്നു.  

രണ്ടു കുരങ്ങുകളും കൂട്ടിലേക്കു മടങ്ങിയതിനാൽ മൂന്നാമത്തേതും ഇന്നു തിരികെ എത്തുമെന്നാണു കരുതുന്നത്. ഇല്ലെങ്കിൽ വനംവകുപ്പിന്റെ സഹായത്തോടെ കുരങ്ങുകെണി ഒരുക്കും. മൃഗശാലയിൽ ഇന്നു സന്ദർശകരെ അനുവദിക്കും.