പാതി വില തട്ടിപ്പ്: കണ്ണൂർ സീഡ് സൊസൈറ്റി നൽകിയ കേസിൽ ആനന്ദകുമാറിന് ജാമ്യമില്ല


കണ്ണൂർ :പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതിയും സായി ഗ്രാം ഡയറക്ടറുമായ കെഎൻ ആനന്ദകുമാറിന് തിരിച്ചടി. കണ്ണൂർ സീഡ് സൊസൈറ്റി ഭാരവാഹി നൽകിയകേസിലാണ് അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. മാർച്ച് 11 ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടു പിന്നാലെ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് മാർച്ച് 26 വരെ റിമാൻഡ് ചെയ്യുകയും ചെയ്തു. തട്ടിപ്പിനെ കുറിച്ച് ആനന്ദകുമാറിനു അറിയാമായിരുന്നു എന്ന പോലീസ് വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയത്.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പാതിവില ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെഎൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ 5 അംഗങ്ങൾ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെഎൻ ആനന്ദകുമാറിന്റെ വാദം. എന്നാൽ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു.