കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടനത്തിന് തുടക്കം
കൊണ്ടോട്ടി : കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ മക്കയിലേക്കുള്ള പ്രയാണത്തിന് തുടക്കമായി. വ്യാഴാഴ്ച പുലർച്ചെ 12.20നും 2.25നുമായി ആകാശ എയറിന്റെ രണ്ട് വിമാനങ്ങളിലായി 286 തീർഥാടകരാണ് ജിദ്ദയിലേക്ക് പുറപ്പെട്ടത്. രണ്ട് സംഘങ്ങളിലും 69 സ്ത്രീകളും 74 പുരുഷന്മാരുമാണുണ്ടായിരുന്നത്. വെള്ളിയാഴ്ചയും കരിപ്പൂരിൽ നിന്ന് രണ്ട് വിമാനങ്ങൾ ജിദ്ദയിലേക്ക് ഹജ്ജ് സർവിസ് നടത്തും.
യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും ഇത്തവണയും കാര്യക്ഷമമായ മുന്നൊരുക്കങ്ങളോടെയാണ് കരിപ്പൂരിൽ ഹജ്ജ് ക്യാമ്പിന് തുടക്കമായത്. വലിയ വിമാനങ്ങൾക്ക് സർവിസ് അനുമതിയില്ലാത്തതിനാൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കരിപ്പൂരിൽനിന്ന് 969 തീർഥാടകർ മാത്രമാണ് ഇത്തവണ യാത്രയാകുന്നത്. ഇതിൽ 686 സ്ത്രീകളും 283 പുരുഷന്മാരുമാണുള്ളത്. കർണാടകയിൽനിന്നുള്ള നാല് തീർഥാടകരും കരിപ്പൂർവഴിയാണ് യാത്ര തിരിക്കുന്നത്. കരിപ്പൂരിൽനിന്നുള്ള ഹജ്ജ് യാത്രക്കായി ഇത്തവണ ആകാശ എയർ ഏഴ് വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മേയ് 17 വരെയാണ് ഇവിടെ നിന്നുള്ള സർവിസുകൾ.
വിമാന സർവിസുകൾ കുറവെങ്കിലും വിപുലമായ സൗകര്യങ്ങൾ ഹജ്ജ് യാത്രക്കായി കരിപ്പൂർ ഹജ്ജ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ആവശ്യമായ താമസം, ഭക്ഷണം, പ്രാഥമിക, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഹജ്ജ് ഹൗസിലും വിമാനത്താവളത്തിലും ലഭ്യമാണ്. ഹജ്ജ് വളണ്ടിയർമാരുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സേവനം ക്യാമ്പിൽ മുഴുവൻ സമയവും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം.
13,194 തീർഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജജിന് പുറപ്പെടുന്നത്. ഇതിൽ 4326 പുരുഷൻമാരും 8868 സ്ത്രീകളും ഉൾപ്പെടുന്നു. കരിപ്പൂർ വഴിയുള്ള 969 പേർക്കു പുറമെ കൊച്ചിയിൽ നിന്ന് 7931 പേർ , കണ്ണൂരിൽ നിന്ന് 4270 പേർ എന്നിങ്ങനെയാണ് ഹജ്ജിന് പോകുന്നത്. ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 657 തീർഥാടകരും കേരളത്തിലെ വിവിധ പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്ന് യാത്ര തിരിക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള 28 പേർ മറ്റു സംസ്ഥാനങ്ങൾ വഴിയും യാത്രയാകുന്നുണ്ട്.
.jpg)

