ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ, രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവൻ കരാറും ഏറ്റെടുത്തിരിക്കുകയാണ് ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറിയും ലോക്‌സഭാംഗവുമായ കെ.സി. വേണുഗോപാൽ രംഗത്തെത്തി. ഗ്യാനേഷ് കുമാർ ‘നമ്പർ വൺ ക്രിമിനലാണെന്നും’, അദ്ദേഹം കേരള കേഡർ ഓഫീസറായിരുന്നു എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവൻ കരാറും അയാൾ ഏറ്റെടുത്തിരിക്കുകയാണെന്നും ഗ്യാനേഷ് കുമാർ ഏറ്റവും വലിയ ‘യൂദാസാണെന്നും’ അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് സഹ കമ്മീഷണർമാർ ഗ്യാനേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് വലിയ സംഭവമാണെങ്കിലും മാധ്യമങ്ങൾ ഇത് വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദി വോട്ട് ചോർത്തി പ്രധാനമന്ത്രിയായ ആളാണെന്നും, അമിത് ഷാ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിന്നു ജനാധിപത്യത്തെ കൊന്നുകളഞ്ഞുവെന്നും കെ.സി. വേണുഗോപാൽ തുറന്നടിച്ചു.
വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്‌സസ് ഗ്യാനേഷ് കുമാറിന്റെ കയ്യിലാണെന്നും, അടിസ്ഥാന ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട ഈ സാഹചര്യത്തിൽ നീതിക്ക് മുന്നിൽ ഇവർക്ക് കീഴടങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാനതകളില്ലാത്ത കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും, വിഷയത്തിൽ തെരുവിലിറങ്ങി സമരം ചെയ്യുമെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇൻഡ്യ മുന്നണിയുമായും മറ്റ് പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് മുന്നോട്ടു പോകുമെന്നും അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരും കേരളത്തിലെ ഇടതുപക്ഷവും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിനിടയിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ കടുത്ത പ്രതികരണം വന്നിരിക്കുന്നത്.
.jpg)

