ഗ്യാനേഷ് കുമാർ എന്ന 'കാട്ടുകള്ളൻ' കേരളത്തിൽ മുഴുവൻ അഴിമതി നടത്തിയാണ് ഡൽഹിയിലേക്ക് പോയത് : രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ
കണ്ണൂർ : മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ കാട്ടുകള്ളനെന്ന് വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഗ്യാനേഷ് കുമാറെന്ന കാട്ടുകള്ളൻ കേരളത്തിൽ മുഴുവൻ അഴിമതി നടത്തിയിട്ടാണ് ഡൽഹിയിലേക്ക് പോയതെന്നാണ് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
'ഒരു നാട്ടിലെ ജനങ്ങളുടെ വോട്ടുകൾ ഇല്ലാതാക്കുക എന്നാൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണ്. ഇത്തരമൊരു പ്രവർത്തിക്കാണ് ഗ്യാനേഷ് കുമാർ കൂട്ടുനിന്നത്. അങ്ങനൊരു വ്യക്തിയെ പുറത്താക്കുന്നത് വരെ, സുതാര്യമായി ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഞങ്ങൾക്ക് വിശ്രമമില്ല. കള്ളവോട്ട് കൊണ്ട് വിജയിച്ചിട്ട് ഞങ്ങളാണ് രാജ്യം ഭരിക്കുന്നതെന്ന ബിജെപി വാദമുണ്ടല്ലോ, അത് നിർത്തും. അതാണ് ഞങ്ങളുടെ ലക്ഷ്യം' -കെ.സി. വേണുഗോപാൽ പറഞ്ഞു.
95 ദിവസമായി പാർലമെന്റ് സമ്മേളനം സസ്‌പെൻഡ് (Prorogation) ചെയ്തിട്ടില്ല. സാധാരണ രീതിയിൽ സമ്മേളനം അവസാനിപ്പിച്ചാൽ പാർലമെന്റ് പിരിച്ചുവിടും. അടുത്ത സെഷനിൽ പ്രസിഡന്റിന്റെ സമൻസ് വരും. ഇതിപ്പോൾ വിന്റർ സെഷൻ തുടങ്ങാൻ ദിവസങ്ങൾ മാത്രമേ ബാക്കിയൊള്ളൂ. എന്നിട്ടും ഇതുവരെ പാർലമെന്റ് സസ്‌പെൻഡ് ചെയ്തിട്ടില്ല. മണ്ഡലപുനർനിർണായ ബിൽ പാസാക്കാൻ കക്ഷികൾ കാലുമാറാൻ കാത്തിരിക്കുകയാണ് ബിജെപി. ഇതാണോ ജനാതിപത്യം? - കെ.സി. കൂട്ടിച്ചേർത്തു.
കേരളത്തിലെ ഏറ്റവും വലിയ പരാജയമാണ് സിപിഎം ഏറ്റുവാങ്ങിയത്. 104 സീറ്റിലാണ് യു.ഡി.എഫ് ജയിച്ചത്. ഇതുവരെ കിട്ടാത്ത പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിച്ചു. തോൽവിക്ക് പിന്നാലെ സിപിഎം സെക്രട്ടറിയെ മാറ്റണം എന്ന് പറഞ്ഞിട്ട് മാറ്റിയില്ലല്ലോ? ഞങ്ങൾ ഇപ്പോൾ ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിലാണ്. സമയമാകുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
.jpg)

