എറണാകുളം അഭയാരണ്യത്തിലെ ആനക്കുട്ടിക്ക് പുതിയ ജീവിതം നൽകാൻ ഗുജറാത്തിൽ വിദഗ്ധ ചികിത്സ; പ്രത്യേക വിമാനത്തിൽ യാത്ര

ELEPHANTBABAY

എറണാകുളം:  എറണാകുളം കോടനാട് അഭയാരണ്യത്തിൽ കഴിയുന്ന ഒന്നര വയസ്സുള്ള ആനക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് മാറ്റുന്നു. ജന്മനാ അസ്ഥിസംബന്ധമായ വൈകല്യമുള്ള ആനക്കുട്ടിക്ക് അടുത്തിടെ വീണതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ സ്വന്തം ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായ ആനക്കുട്ടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗുജറാത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഏകദേശം 125 മുതൽ 130 കിലോഗ്രാം വരെ ഭാരമുള്ള ആനക്കുട്ടിയെ കോടനാട് കേന്ദ്രത്തിൽനിന്ന് ക്രെയിനിന്റെ സഹായത്തോടെയാണ് പ്രത്യേക മൃഗ ആംബുലൻസിലേക്ക് മാറ്റിയത്. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് ചാർട്ടേഡ് വിമാനത്തിൽ ജാംനഗറിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തി. കേരളത്തിൽ ഇതുവരെ പരിചരിച്ചിരുന്ന വെറ്ററിനറി വിദഗ്ധരും വനംവകുപ്പ് ഉദ്യോഗസ്ഥരും യാത്രയിൽ അനുഗമിക്കുന്നുണ്ട്.

ആനക്കുട്ടിയുടെ ആരോഗ്യനില പരിഗണിച്ച് ദയാവധം നിർദേശിച്ചിരുന്ന ആരോഗ്യ നിരീക്ഷണ സമിതിയുടെ ശുപാർശയ്ക്കു പകരം വിദഗ്ധ ചികിത്സയ്ക്ക് അവസരം നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. വൻതാരയിലെ വിദഗ്ധ ഡോക്ടർമാർ 60 ദിവസത്തെ ചികിത്സാ പദ്ധതി നിർദേശിച്ചിട്ടുണ്ട്. ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടാൽ ആനക്കുട്ടിയെ വീണ്ടും കേരളത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
 

Tags