വിവാദ ഫേസ് ക്രീം കുറിപ്പടിയിൽ എഴുതുന്നത് തടയാൻ മാർഗ്ഗരേഖ വേണം; പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം

Guidelines are needed to prevent controversial face cream from being prescribed; CM's office orders review

തിരുവനന്തപുരം: വിവാദമായ 'എഫ് ട്യൂൺ' (F Tune) ഫേസ് ക്രീം മരുന്നായി കുറിപ്പടിയിൽ നിർദ്ദേശിച്ച സംഭവങ്ങൾ തടയാൻ ഡോക്ടർമാർക്ക് ഉടൻ കർശന മാർഗ്ഗരേഖ സർക്കാർ ഉത്തരവായി പുറത്തിറക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. സർക്കാർ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ സമർപ്പിച്ച പരാതി പരിശോധിച്ചാണ് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം കൈമാറിയത്.

മലപ്പുറം തിരൂരിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ രോഗികൾക്ക് എഫ് ട്യൂൺ ക്രീം കുറിപ്പടിയിൽ എഴുതി നൽകിയ പശ്ചാത്തലത്തിലാണ് ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മെർക്കുറി അടങ്ങിയ എഫ് ട്യൂൺ ഫേസ് ക്രീം ഒരു വർഷമായി ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറം സ്വദേശിയായ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം പിടിപെട്ടതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിനെതിരെ സർക്കാരും പൊലീസും നിയമനടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലും ക്രീം കുറിപ്പടിയിൽ നിർദ്ദേശിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ആവശ്യമായ അംഗീകാരങ്ങളും ആരോഗ്യവകുപ്പിന്റെ അനുമതിയുമില്ലാത്ത ക്രീമുകൾ മരുന്നായി കുറിപ്പടിയിൽ എഴുതി നൽകുന്നത് കർശനമായി വിലക്കാൻ അടിയന്തിരമായി സർക്കാർ ഉത്തരവ് ഇറക്കണമെന്നാണ് ഡോ. കെ. പ്രതിഭയുടെ ആവശ്യം. മെർക്കുറിയുടെ അമിതസാന്നിധ്യവും വൃക്കരോഗവും സ്ഥിരീകരിച്ചതോടെ അനധികൃത സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ സർക്കാർ പരിശോധനകളും നടപടികളും കർശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മതിയായ അംഗീകാരങ്ങൾ പോലും പരിശോധിക്കാതെ ഇത്തരം ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കുന്നതും പ്രമോട്ട് ചെയ്യുന്നതും കുറ്റകരമാണെന്നും ഡോ. പ്രതിഭ വ്യക്തമാക്കി.

Tags