ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന് സസ്‌പെന്‍ഷന്‍; നടപടി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിനിടെ
2014 മുതല്‍ 2024 വരെയുള്ള 10 വര്‍ഷത്തെ കാലയളവില്‍ പ്രജനി രാജന്‍ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജനെ സസ്‌പെന്‍ഡ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി. 2014 മുതല്‍ 2024 വരെയുള്ള 10 വര്‍ഷത്തെ കാലയളവില്‍ പ്രജനി രാജന്‍ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രജനിയുടെ തേവരയിലെ ഓഫീസിലും പച്ചാളത്തെ വസതിയിലും കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 14.10 ലക്ഷം രൂപ, 788 യുഎസ് ഡോളര്‍, ഒരു പവന്‍ വീതം തൂക്കമുള്ള നാലു സ്വര്‍ണനാണയങ്ങള്‍, 190 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഭൂരിഭാഗവും വന്‍ നികുതി വെട്ടിപ്പുകാരില്‍നിന്നു കൈക്കൂലിയായി വാങ്ങിയതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പ്രജനിയുടെ ബാങ്ക് അക്കൗണ്ടുകളും പാന്‍കാര്‍ഡ് വിവരങ്ങളും വിജിലന്‍സ് വിശദമായി പരിശോധിച്ചിരുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 2025 അവസാനത്തോടെ എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ പ്രജനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സമ്പത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ അഞ്ചുതവണ അവസരം നല്‍കിയിട്ടും തൃപ്തികരമായ മറുപടി നല്‍കാന്‍ പ്രജനിക്കു സാധിച്ചിരുന്നില്ല എന്നാണ് വിവരം. തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അന്വേഷണം തനിക്കെതിരെ തിരിഞ്ഞു എന്ന് മനസ്സിലാക്കിയതോടെയാണ് വിജിലന്‍സ് കേസ് ഒതുക്കാനും എറണാകുളം ജില്ലയില്‍ തന്നെ തുടരാനും വേണ്ടി രാഷ്ട്രീയ സംരക്ഷണത്തിനായി ഇവര്‍ കോണ്‍ഗ്രസ് സംഘടനയിലേക്ക് മാറുകയും ചെയ്തിരുന്നു.
തന്ത്രപ്രധാനമായ പദവികളില്‍ തുടരുന്നതിനായി മുന്‍പും ഭരണതലത്തിലെ സ്വാധീനവും ഉന്നത ബന്ധങ്ങളും പ്രജനി ഉപയോഗിച്ചിരുന്നതായി ആക്ഷേപമുണ്ട്. 2005ലാണ് പിഎസ്‌സി വഴി സെയില്‍സ് ടാക്‌സ് വകുപ്പില്‍ പ്രജനി എത്തുന്നത്. സ്ഥാനക്കയറ്റം ലഭിച്ച് സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മീഷണറായി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ എടുക്കുന്ന കേസുകളില്‍ അന്തിമനടപടിയും അംഗീകാരവും നല്‍കേണ്ട ഉദ്യോഗസ്ഥയായിരുന്നു പ്രജനി. ഈ കാലയളവിലെല്ലാം എറണാകുളം ജില്ലയില്‍ തന്നെ പദവികളില്‍ തുടരാനും പ്രജനിക്കായി. വലിയ വ്യാപാര സ്ഥാപനങ്ങളുടെ അസസിങ് ഓഫീസറായി എറണാകുളത്ത് ദീര്‍ഘകാലം ഇവര്‍ സ്‌പെഷല്‍ സര്‍ക്കിളില്‍ ജോലി ചെയ്തിട്ടുണ്ട്. 2020ലാണ് സ്ഥാനക്കയറ്റം ലഭിച്ച് ജോയിന്റ് കമ്മിഷണറായത്.
.jpg)

