മുഖ്യമന്ത്രി ഇടപെട്ടു ; സ്പെഷല്‍ സ്കൂളുകള്‍ക്കുള്ള നടപ്പുവര്‍ഷത്തെ ഗ്രാന്റ് തുക ഉടന്‍ ലഭ്യമാക്കും

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്കുന്ന സ്പെഷല്‍ സ്കൂളുകള്‍ക്കുള്ള നടപ്പുവര്‍ഷത്തെ ഗ്രാന്റ് തുക ഉടന്‍ ലഭ്യമാക്കും. തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്പെഷല്‍ സ്കൂള്‍ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, സാമൂഹിക നീതി മന്ത്രി കെ.എന്‍. ബാലഗോപാലന് എന്നിവരുമായി ചര്‍ച്ച നടത്തിയതിനെ തുടർന്ന് ഗ്രാൻറ് തുക ഉടന്‍ ലഭ്യമാക്കാന്‍ നിർദേശം നല്‍കിയത്.
തുടര്‍ന്ന് സംയുക്ത സമര സമിതി ഈ മാസം 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താന്‍ തീരുമാനിച്ച ഉപവാസ സമരം മാറ്റിവെച്ചു. സ്പെഷല്‍ സ്കൂളുകള്‍ക്കുള്ള പാക്കേജ് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തെ ഗ്രാൻറ് അനുവദിച്ച് കൊണ്ട് 2022 ജൂണ്‍ രണ്ടിന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തുക അനുവദിച്ചിരുന്നില്ല. 45 കോടി രൂപയുടെ പാക്കേജാണ് സ്പെഷല്‍ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത്.
ഭിന്നശേഷി കുട്ടികള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പെന്ഷന് ലഭ്യമാക്കാന്‍ സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും സര്‍ക്കാര്‍ തിരുത്തി. താല്‍ക്കാലിക ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പെന്ഷന് തുടരാനാണ് സര്‍ക്കാര്‍ നിർദേശം. പാരന്റ്സ് അസോസിയേഷന് ഫോര്‍ ഇൻറലക്ച്വലി ഡിസേബിള്‍ഡ് (പെയ്ഡ്) സര്‍ക്കാറിന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും തുടരാന്‍ തീരുമാനമായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്ഷന് നല്‍കണമെന്ന പെയ്ഡിന്റെ ആവശ്യത്തിനും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.സ്പെഷല്‍ സ്കൂളുകളുടെ നടപ്പുവര്‍ഷത്തെ ഗ്രാന്റ് ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ഭിന്നശേഷി കുട്ടികള്‍ക്കുള്ള പെന്ഷന് തുടരുന്നതിനുള്ള തടസ്സം നീക്കുകയും ചെയ്യുന്ന വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നിർദേശം നല്കിയ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല പ്രസിഡൻറുമായ ടി. മുഹമ്മദ് അസ് ലം അഭിനന്ദിച്ചു.