സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എ കെ ശശീന്ദ്രന്‍

google news
saseendraan a k

പത്തനംതിട്ട : സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാരെ കേള്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന പദ്ധതികള്‍ ഓരോ വകുപ്പ് മുഖേനയും ആവിഷ്‌കരിച്ച് നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കോന്നി വനം ഡിവിഷനില്‍ ഉത്തരകുമരംപേരൂര്‍, കൊക്കാത്തോട് എന്നിവിടങ്ങളില്‍ പുതിയതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഡോര്‍മറ്ററികളുടെയും ഉദ്ഘാടനം മണ്ണീറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്തല അദാലത്തുകള്‍ നടക്കുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടും എന്നാല്‍ നിയമം ലംഘിക്കപ്പെടാതെ  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുമാണ് വനം വകുപ്പ് മുന്നോട്ടുപോകുന്നത്. ജനങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തണം. ഇതിനായുള്ള പ്രവര്‍ത്തനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. എങ്കില്‍ മാത്രമേ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തൃപ്തികരമായ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കോന്നിയില്‍ ഇനി ഒരു ഫോറസ്റ്റ് സ്റ്റേഷന്‍ മാത്രമാണ് നവീകരിക്കാന്‍ ഉള്ളത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഒന്നരമാസത്തിനകം ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ഫോറസ്റ്റ് സ്റ്റേഷനുകള്‍ നവീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനവും മികച്ചതാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്നത് ഫോറസ്റ്റ് സ്റ്റേഷനുകളെയാണ്. ഇവ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളായി ഉയര്‍ത്തുന്നതോടെ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ ശ്യാമുവേല്‍, അതുമ്പുംകുളം ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ പ്ലാവിളയില്‍, കോന്നി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍. രഞ്ജു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എസ്. പ്രീത, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ കൊല്ലം  ചീഫ്  ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന്‍ കുമാര്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍കോറി, കൊല്ലം സാമൂഹിക വനവല്‍ക്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. സുനില്‍ ബാബു, പുനലൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. അജീഷ്, പത്തനംതിട്ട സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.കെ. ഹാബി, ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് വികസന വിഭാഗം ഡെപ്യുട്ടി കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags