സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നു : സുധീരൻ

google news
vm sudeeran

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നതായി കോൺഗ്രസ് നേതാവ്  വിഎം സുധീരന്‍. മദ്യവ്യാപനത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പരാജയപ്പെടുമ്പോൾ ജുഡീഷ്യറി കൂടുതൽ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാദാസിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎം.സുധീരന്‍. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴില്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ജെബി മേത്തറുടെ നേതൃത്വത്തില്‍,സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസസമരം.

അതിനിടെ, ഡോ. വന്ദനയുടെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുന്ന വേളയിൽ ഇന്ന് മാത്രം സംസ്ഥാനത്ത് രണ്ടിടങ്ങളിലാണ് ഡോക്ടർമാർക്ക് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കളമശേരി മെഡിക്കൽ കോളേജിലും രോഗികൾ ഡോക്ടർമാരെ ആക്രമിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി മെഡിക്കൽ കോളേജിലെത്തിയതായിരുന്നു ഡോയൽ. ചികിത്സ നൽകുന്നതിനിടെ ഇയാൾ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് മെഡിക്കൽ കോളേജിലെ ഡോ. ഇർഫാൻ ഖാൻ നൽകിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്. 

Tags