ഓണത്തിന് റേഷൻ അരിയുടെ വില കുത്തനെ കൂട്ടി സര്‍ക്കാര്‍
കേരള ചരിത്രത്തിലാദ്യമായാണ് റേഷൻ കടകള്‍ വഴി നല്‍കുന്ന അരിക്ക് ഇത്രയധികം വില ഉയരുന്നത്.
കോഴിക്കോട് : റേഷൻ കാർഡ് വ്യത്യാസമില്ലാതെ എല്ലാ ഉപഭോക്താക്കള്‍ക്കുമായി നല്‍കുന്ന ഓണം സ്പെഷ്യല്‍ അരിയുടെ വില സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് ഇരട്ടിയാക്കി വർധിപ്പിച്ചു.ഇനി മുതല്‍ ഒരു കിലോ അരിക്ക് 26 രൂപ നല്‍കേണ്ടി വരും.കഴിഞ്ഞ വർഷം ഓണക്കാലത്ത് 10.90 രൂപയ്ക്കാണ് അരി നല്‍കിയിരുന്നത്.
കേരള ചരിത്രത്തിലാദ്യമായാണ് റേഷൻ കടകള്‍ വഴി നല്‍കുന്ന അരിക്ക് ഇത്രയധികം വില ഉയരുന്നത്. ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് ആദ്യമായാണ് ഓപ്പണ്‍ മാർക്കറ്റ് സെയില്‍ സ്കീം വഴി കേന്ദ്ര പൂളില്‍ നിന്നും ലഭിക്കുന്ന അരി റേഷൻ കടകള്‍ വഴി വില്‍ക്കുന്നത്. ഇതിനായി ഓരോ കാർഡ് ഉടമകളില്‍ നിന്നും കിലോയ്ക്ക് 26 രൂപ വീതം ഈടാക്കുന്നു.
സാധാരണയായി വിവിധ സബ്സിഡികള്‍ നല്‍കി ഓണക്കാലത്ത് വില കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കാറുള്ളത്. കഴിഞ്ഞ വർഷം വെറും 10 രൂപ 90 പൈസയ്ക്ക് ലഭിച്ചിരുന്ന ഓണം സ്പെഷ്യല്‍ അരിയുടെ വിലയാണ് ഇത്തവണ രണ്ടര ഇരട്ടിയിലേറെയായി വർധിച്ച് 26 രൂപയായത്.
ഉപഭോക്താക്കളുടെ എതിർപ്പ് ഒഴിവാക്കാൻ സാധാരണ നല്‍കുന്ന റേഷൻ അരിയുടെ വില 10 രൂപ 90 പൈസയായി നിലനിർത്തിയിട്ടുണ്ട്.26 രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരി വെള്ള കാർഡിന് 15 കിലോയും, നീല കാർഡിന് 10 കിലോയും, പിങ്ക് കാർഡിന് 3 കിലോയും ലഭിക്കും.
സംസ്ഥാനത്തെ 14,000-ത്തോളം വരുന്ന റേഷൻ കടകളില്‍ ഈ അരി എത്തിച്ചിട്ടുണ്ട്. 10 രൂപയ്ക്ക് നല്‍കുന്ന അരിയില്‍ നിന്നും ഇത് വ്യത്യസ്തമാണെന്നാണ് സർക്കാരിന്റെ അവകാശവാദമെങ്കിലും, രണ്ട് അരിയും തമ്മില്‍ വേവില്‍ വലിയ വ്യത്യാസമില്ലെന്ന് റേഷൻ വ്യാപാരികള്‍ പരാതിപ്പെടുന്നു.
.jpg)

