ലോക്ഭവനു മുന്നിൽ കുഴഞ്ഞു വീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ

governer

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ലോക്ഭവനു മുന്നിലെ റോഡിൽ കുഴഞ്ഞു വീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗവർണർ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിലേക്ക് വീണത്. ഷുഗർ കൂടിയതിനെ തുടർന്നാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ ഗവർണർ തന്റെ വാഹനത്തിൽനിന്ന് ഇറങ്ങി നേരെ ഗിരീഷിന്റെ അടുത്തെത്തി, ആരോഗ്യാവസ്ഥ ചോദിച്ചറിഞ്ഞു. 15 മിനിറ്റോളം അവിടെ തുടർന്ന ഗവർണർ, ഗിരീഷിന്റെ ആരോഗ്യനില നിരന്തരം അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിന് നിർദേശം നൽകുകയും ചെയ്തു. ഗവർണറുടെ സ്റ്റാഫ് ഉടൻ തന്നെ വെള്ളം എത്തിച്ച് നൽകി. അതിനിടെ ഗിരീഷിന്റെ ഫോണിൽ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. വെള്ളയമ്പലത്ത് ആൽത്തറ ദേവീക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്.

സ്ഥിതി ഗുരുതരമാകാതിരിക്കാൻ ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിക്കണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയശേഷമാണ് ഗവർണർ അവിടെ നിന്ന് മടങ്ങിയത്. 

Tags