ഭാവി ലക്ഷ്യമിട്ട് സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളണം: ഗവര്‍ണര്‍

തിരുവനന്തപുരം: ലാഭവും വിജയവും എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം ഭാവി ലക്ഷ്യമിട്ടുള്ള സുസ്ഥിര വളര്‍ച്ചയ്ക്കായി സാമൂഹികവും പാരിസ്ഥികവുമായ പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തലസ്ഥാന മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) ദ്വിദിന വാര്‍ഷിക കണ്‍വെന്‍ഷന്‍ 'ട്രിമ-2023' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യകളെ മനുഷ്യപ്രയത്നവും സര്‍ഗാത്മകതയുമായി സമന്വയിപ്പിക്കുന്നതിലാണ് ഇന്‍ഡസ്ട്രി 5.0 എന്ന ആശയം ശ്രദ്ധയൂന്നുന്നതെന്ന് 'ട്രിവാന്‍ഡ്രം 5.0- പ്രോസ്പിരിറ്റി ബിയോണ്ട് പ്രോഫിറ്റ്' എന്ന കണ്‍വെന്‍ഷന്‍റെ പ്രമേയത്തെ അഭിനന്ദിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം സാമ്പത്തിക പുരോഗതിയെ സന്തുലിതമാക്കുന്നതിന് സാങ്കേതികവിദ്യയും മനുഷ്യപ്രയത്നവും ഒത്തുചേരേണ്ടതുണ്ട്. ഈ മാതൃക പിന്തുടരുന്നതിലൂടെ ഊര്‍ജ്ജം, ഗതാഗതം, ആരോഗ്യ പരിരക്ഷ, ഷോപ്പിംഗ്, വിദ്യാഭ്യാസം, ജോലി, ഒഴിവുസമയം തുടങ്ങി ജീവിതത്തിന്‍റെ എല്ലാ മേഖലകളിലെയും സംയോജിത സേവനങ്ങളും സൗകര്യങ്ങളും സമൂഹത്തിന് ലഭിക്കും.
ലാഭത്തിനപ്പുറമുള്ള അഭിവൃദ്ധി എന്ന ആശയം ഭഗവദ്ഗീതയടക്കമുള്ള ഭാരതീയ പ്രാമാണിക ഗ്രന്ഥങ്ങളില്‍ അന്തര്‍ലീനമാണ്. ഇന്ത്യന്‍ മാനേജ്മെന്‍റ് സങ്കല്‍പ്പത്തെ നിയന്ത്രിക്കുന്നത് ഈ ആശയത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഉത്തരവാദിത്തബോധമാണ്. സമഗ്രവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വലിയ പങ്കുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ആഗോള സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ പ്രശംസനീയമായ സി.എസ്.ആര്‍ സംരംഭങ്ങള്‍ക്കുള്ള ടി.എം.എ പഡോസാന്‍ അവാര്‍ഡ് യു.എസ് ടെക്നോളജി ഇന്‍റര്‍നാഷണലിനും (യു.എസ്.ടി), മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള ടി.എം.എ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സിനും, മികച്ച പേപ്പര്‍ അവതരണത്തിനുള്ള ടി.എം.എ-കിംസ് അവാര്‍ഡ് ഡി.സി സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിക്കും (ഒന്നാംസ്ഥാനം), ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസിനും (രണ്ടാംസ്ഥാനം) ഗവര്‍ണര്‍ സമ്മാനിച്ചു.
ടിഎംഎ പ്രസിഡന്‍റും കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ സി. പത്മകുമാര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.
സൊസൈറ്റി 5.0 എന്ന ജാപ്പനീസ് ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് കണ്‍വെന്‍ഷന്‍റെ പ്രമേയമെന്ന് ട്രിമ-2023 ന്‍റെ ആശയാവതരണം നടത്തി ട്രിമ കമ്മിറ്റി ചെയര്‍മാനും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ പറഞ്ഞു. വ്യാവസായികമായും സാങ്കേതികമായും ഏറെ പുരോഗമിച്ച സമൂഹമായ ജപ്പാനുമായി കേരളത്തിന് ചില സമാനതകളുണ്ടെന്നും വികസിതമായ സാമൂഹിക വികസന സൂചികകള്‍ അതിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരവും ഉല്‍പ്പാദനക്ഷമവുമായ കാര്‍ഷികവൃത്തി പോലുള്ള ചില മേഖലകള്‍ക്ക് കേരളം കുറേക്കൂടി പ്രോത്സാഹനം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് കണ്‍വെന്‍ഷന്‍റെ വിഷയാവതരണം നടത്തി എംബിയോം കണ്‍സള്‍ട്ടിങ് ആന്‍ഡ് മാനേജ്മെന്‍റ് സര്‍വീസസ് സ്ഥാപകന്‍ അജിത് മത്തായി പറഞ്ഞു. യുവാക്കള്‍ ജീവനക്കാരായിട്ടല്ല സംരംഭകരായി മാറണം. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മലിനീകരണം ഉണ്ടാക്കാത്ത സംരംഭങ്ങള്‍ നല്‍കുന്ന വിശാലമായ അവസരങ്ങള്‍ മുതലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി വെല്ലുവിളികളും ദ്രുതഗതിയിലുള്ള മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മനുഷ്യകേന്ദ്രീകൃതമായ നവീകരണങ്ങള്‍ ആവശ്യമാണെന്ന് കിംസ്ഹെല്‍ത്ത് സിഎംഡിയും ട്രിമ കമ്മിറ്റി കോ-ചെയര്‍മാനുമായ എം.ഐ. സഹദുള്ള പറഞ്ഞു.
മെഡിക്കല്‍ എത്തോസ് പ്രൈവറ്റ് ലിമിറ്റഡ് കോ-ചെയറും ടിഎംഎ ഓണററി സെക്രട്ടറിയുമായ വിങ് കമാന്‍ഡര്‍ (റിട്ട.) രാഗശ്രീ ഡി. നായര്‍ ടിഎംഎയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടിഎംഎ സീനിയര്‍ വൈസ് പ്രസിഡന്‍റ് എം.ആര്‍ സുബ്രഹ്മണ്യന്‍ സംബന്ധിച്ചു.
ഉദ്ഘാടന ശേഷം 'ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ്' എന്ന വിഷയത്തില്‍ നടന്ന ആദ്യ സാങ്കേതിക സെഷന്‍ നടന്നു. ഇന്ന് (വെള്ളിയാഴ്ച) 'ടെക്നോളജി ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി', 'സസ്റ്റൈനബിള്‍ സൊല്യൂഷന്‍സ് ഫോര്‍ വണ്‍ വേള്‍ഡ്', 'എ ന്യൂ ഇറാ ഓഫ് റെസ്പോണ്‍സിബിള്‍ ബിസിനസ്' എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ നടക്കും. സമാപന സമ്മേളനത്തില്‍ എംപിമാരായ ഡോ. ശശി തരൂര്‍, ഡോ. ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുക്കും.
വ്യവസായപ്രമുഖര്‍, പ്രൊഫഷണലുകള്‍, ബിസിനസ് ഫ്രറ്റേണിറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്മെന്‍റ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 400 ലധികം പ്രതിനിധികളാണ് ട്രിമ-2023 ല്‍ പങ്കെടുക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്ത രാജ്യത്തെ പ്രധാന മാനേജ്മെന്‍റ് അസോസിയേഷനാണ് ടിഎംഎ.