ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഒളിച്ചുകളി : നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാല്‍ എംപി
ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിലപാടെടുക്കാതെ ഒളിച്ചുകളിച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കൊച്ചിയിൽ നടന്ന കെപിഎംഎസിന്റെ സംസ്ഥാന സമ്മേളന വേദിയിൽ യുവതീപ്രവേശനം വേണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിലപാട് ആവർത്തിച്ചപ്പോഴും ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിയോ, പ്രാസംഗികനായിരുന്ന മന്ത്രി കെ രാജനോ എന്തുകൊണ്ട് നിലപാട് വ്യക്തമാക്കിയില്ലെന്നും കെസി വേണുഗോപാൽ ചോദിച്ചു.

പ്രമുഖ നടന് വേദനിച്ചപ്പോൾ മാപ്പുപറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയതിന് മാപ്പുപറയുന്നില്ല? വിശ്വാസികളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കുന്നില്ല? അവർക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം നല്കുന്നില്ല? യുവതി പ്രവേശനം വേണമെന്ന 2007 ലെ വിഎസ് സർക്കാരിന്റെ സത്യവാങ്മുലം പൊടിപോലും തട്ടിക്കളയാതെയാണ് പിണറായി സർക്കാർ 2016ലും സ്വീകരിച്ചത്. ഇപ്പോൾ മതപണ്ഡിതരുടെ അഭിപ്രായം തേടി സുപ്രീംകോടതി തീരുമാനിക്കണം എന്ന ഒളിച്ചുകളിയാണ് നടത്തിയത്. യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാരിന് നിയമനിർമാണം നടത്താമെന്ന വാദവും ഉന്നയിച്ചിട്ടുണ്ട്. യുവതീപ്രവേശനം വേണമോ വേണ്ടയോ എന്നതിൽ ഉറച്ച നിലപാട് പരമോന്നത കോടതിയിൽ പറഞ്ഞതുമില്ലെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

യുവതി പ്രവേശനത്തോട് യോജിപ്പില്ലെന്നും ക്ഷേത്രാചാരങ്ങളെ സ്ത്രീസ്വാതന്ത്യവുമായി ചേർത്തുവയ്ക്കേണ്ടതില്ലെന്നുമുള്ള ദൃഢമായ നിലപാടാണ് കോൺഗ്രസിന്റേത്. ഇക്കാര്യം കെസി വേണുഗോപാൽ കെപിഎംഎസിന്റെ സംസ്ഥാന സമ്മേളന വേദിയിൽ ആവർത്തിക്കുകയും ചെയ്തു. അങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രിയ്ക്ക് ധൈര്യമുണ്ടോയെന്നും കെസി വേണുഗോലാൽ വെല്ലുവിളിച്ചു. മുഖ്യന്ത്രിയിൽനിന്ന് യേസ് അല്ലെങ്കിൽ നോ എന്ന മറുപടിയാണ് ജനം ആഗ്രഹിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.മറുപടി ഇല്ലെങ്കിൽ ആചാരാനുഷ്ഠാനങ്ങൾക്ക് പുല്ലുവില നല്കുന്നവരേയും അയ്യപ്പന്റെ സ്വർണം കട്ടവരേയും ജനങ്ങളുടെ കോടതി വിചാരണ ചെയ്യുക തന്നെ ചെയ്യുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
.jpg)


