ഗുണമേന്മയുള്ള ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണ ജോര്‍ജ്

ഇടുക്കി : ഗുണമേന്മയുള്ള സൗജന്യ ചികിത്സ നല്‍കുന്നതിനോടൊപ്പം അടിസ്ഥാനസൗകര്യ വികസനം, പുതിയ ചികിത്സ സംവിധാനങ്ങള്‍ എന്നിവ ആശുപത്രികളില്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യം, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളുടെയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടമെന്ന നിലയിലാണ് പഞ്ചായത്ത് തലത്തിലുള്ള ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ 21 ലക്ഷം, 41 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് പഞ്ചായത്ത് ഫണ്ട് ഇതിനായി അനുവദിച്ചത്. കൂടാതെ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 35 ലക്ഷവും ആരോഗ്യകേരളത്തിന്റെ 14 ലക്ഷവും ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് ക്ലാസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കുക മാത്രമല്ല പൂര്‍ണതോതിലുള്ള ആശുപത്രിയായി മാറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
പുതിയ ആശുപത്രി കെട്ടിടത്തിന്റെ ശിലാഫലകവും മന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പബ്ലിക് ഹെല്‍ത്ത് ഓഫീസും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നവീകരിച്ച ലാബും ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ ഫാര്‍മസിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എല്‍ നഴ്സിംഗ് സ്റ്റേഷനും ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സിബി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായാണ് വാഴത്തോപ്പ്, മാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്.
പരിപാടിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളായ മിനി ജേക്കബ്, ആന്‍സി തോമസ്, ഡിറ്റാജ് ജോസഫ്, ബിനോയ് വര്‍ക്കി, ആലീസ് ജോസ് സിജി ചാക്കോ, ഏലിയാമ്മ ജോയ്, പ്രഭ തങ്കച്ചന്‍, വിന്‍സെന്റ് വള്ളാടി, സെലിന്‍ വി. എം, കുട്ടായി കറുപ്പന്‍, ടിന്റു സുഭാഷ്, നിമ്മി ജയന്‍, നൗഷാദ് ടി. ഇ, രാജു കല്ലറക്കല്‍, അജേഷ്‌കുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് കെ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചടങ്ങില്‍ വെച്ച് മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ ആദിവാസി ഇടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആളുകള്‍ ആശ്രയിച്ച് വന്നിരുന്ന ചികിത്സാ കേന്ദ്രമാണ് മാങ്കുളത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യം. ഈ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയാണ് ചെയ്തത്. നിലവിലെ ആശുപത്രി കെട്ടിടത്തോട് ചേര്‍ന്ന് തന്നെയാണ് പുതിയ കെട്ടിടവും പണി കഴിപ്പിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.