ഗ്രാമീണ മേഖലയിലെ 44 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സര്‍ക്കാരിനായി : മന്ത്രി റോഷി അഗസ്റ്റിന്‍

Minister Roshy Augustine
Minister Roshy Augustine


പാലക്കാട് : കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് ഗ്രാമീണ മേഖലയിലെ 44 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ശേഷിച്ച കുടുംബങ്ങളില്‍ കുടി വെള്ളം ഉറപ്പാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ‘ഭാരതപ്പുഴയുടെ പുനരുജ്ജീവനവും സൗന്ദര്യവത്കരണവും’ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഷൊര്‍ണൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

tRootC1469263">

ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തി എക്കാലത്തും വെള്ളം ലഭ്യമാകും  വിധമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മെയിന്റനന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തി ഷൊര്‍ണ്ണൂര്‍ ത്രാങ്ങാലി അടിയണ പുനര്‍ നിര്‍മ്മിക്കുന്നതിനായി റിപ്പോര്‍ട്ട് നല്‍കാന്‍ സൂപ്രണ്ടിങ്ങ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ദീര്‍ഘവീക്ഷണത്തോടെ ഷൊര്‍ണ്ണൂര്‍ നഗരസഭ നടപ്പാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ 2024-25 ലെ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ഫണ്ടില്‍ നിന്നും ആദ്യഘട്ടത്തില്‍ അനുവദിച്ച 4.8 കോടി രൂപ വിനിയോഗിച്ചാണ് ഭാരതപ്പുഴയുടെ പുനരുജ്ജീവനവും സൗന്ദര്യവത്കരണവും നടത്തുന്നത്.കൊച്ചിന്‍ പാലം മുതല്‍ റെയില്‍വേപ്പാലം വരെയാണ് ഒന്നാം ഘട്ട പുനരുജ്ജീവനവും സൗന്ദര്യവത്കരണവും നടത്തുന്നത്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തയ്യാറാക്കിയിട്ടുള്ള 'നിള റിവര്‍ ഫ്രണ്ട് ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ നിര്‍വ്വഹണ ചുമതല മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ്.  ഭാരതപ്പുഴയുടെ സൈഡ് സംരക്ഷണത്തിനായി കരിങ്കല്‍ ഭിത്തിയും ഫൗണ്ടേഷനും മുകള്‍ഭാഗത്ത് വിവിധ അളവുകളിലുള്ള ഗാബിയോണ്‍, അനുബന്ധ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ എന്നിവ ഒരുക്കും. ഭാരതപ്പുഴയുടെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും വെള്ളെപ്പൊക്കം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും പുഴയുടെ വശങ്ങള്‍ സംരക്ഷിക്കുന്നതിനും സാധിക്കും. സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ഡോ. പി എസ് കോശി റിപ്പോര്‍ട്ട് അവതരിച്ചു.

ചടങ്ങില്‍ പി മമ്മിക്കുട്ടി എംഎല്‍എ അധ്യക്ഷനായി.കോഴിക്കോട് എന്‍ ഐ ടി ഡയറക്ടര്‍ പൊഫ. പ്രസാദ് കൃഷ്ണ മുഖ്യാതിഥിയായി. ഷൊര്‍ണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം കെ ജയപ്രകാശ്, വൈസ് ചെയര്‍പേഴ്‌സണ്‍ പി സിന്ധു, സ്ഥിരം സമിതി അധ്യക്ഷരായ എസ് ജി മുകുന്ദന്‍, എ കൃഷ്ണകുമാര്‍, കെ എം ലക്ഷ്മണന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ കെ ലത,കില എച്ച് ഒ ഡി അര്‍ബന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അജിത് കാളിയത്ത്, കോഴിക്കോട് എന്‍ ഐ ടി ആര്‍കിടെക്ച്ചര്‍ ആന്‍ഡ് പ്ലാനിംഗ് എച്ച് ഒ ഡി ഡോ. കെ ചിത്ര, പാലക്കാട് എം ഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ബിജു,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags