സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനസൗഹൃദ സമീപനം സ്വീകരിക്കണം; മന്ത്രി കെ രാധാകൃഷ്ണന്‍

തലശേരി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനസൗഹൃദ സമീപനം സ്വീകരിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി തലശ്ശേരി താലൂക്ക്തല പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും തലശ്ശേരി ഗവ: ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പരാതികള്‍ക്ക് അതിവേഗത്തില്‍ പരാഹാരമുണ്ടാക്കണം. അതത് സമയം പരാതികള്‍ പരിഹരിക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കും.ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുകയല്ല ഉദ്യോഗസ്ഥരുടെ ചുമതല. അവരുടെ പ്രയാസങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുകയാണ് അദാലത്തിന്റെ ലക്ഷ്യം. ഇതിനുള്ള തുടക്കമാണ് കരുതലും കൈത്താങ്ങുമെന്ന അദാലത്ത്. ഇത് വഴി പരാതി പരിഹാര കാര്യത്തില്‍ കേരളം മാതൃകയാവും.മന്ത്രി പറഞ്ഞു. സമൂഹത്തില്‍ അവശേഷിക്കുന്ന പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുകയാണ് ലക്ഷ്യം. ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം അതിനാണ് മന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നത്. മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
പരാതി പരിഹാര അദാലത്തിന്റെ തുടര്‍ നടപടികള്‍ പരിശോധിക്കാനും വിലയിരുത്താനുമായി ജില്ലാതല മോണിറ്ററിംഗ്‌സെല്‍ രൂപീകരിക്കുമെന്ന് വിശിഷ്ടാതിഥിയായി സംസാരിച്ച കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു.കെ പി മോഹനന്‍ എം എല്‍ എ, തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുന റാണി, , ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡി ആര്‍ മേഘശ്രീ, സബ് കലക്ടര്‍ സന്ദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.