സാമ്പത്തിക ചെലവ് ചുരുക്കലിനിടയിലും വൻതുക മുടക്കി ഐപാഡുകൾ വാങ്ങാൻ സർക്കാർ നീക്കം; ചെലവ് 6.7 കോടി രൂപ

Government moves to buy iPads at a huge cost despite fiscal austerity; cost Rs 6.7 crore

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക ചെലവ് ചുരുക്കൽ നടപടികൾ കർശനമായി പാലിക്കണമെന്ന് ധനകാര്യ വകുപ്പ് ആവർത്തിക്കുന്നതിനിടയിൽ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനും ഐപാഡുകൾ വാങ്ങാൻ സർക്കാർ തീരുമാനം. 6.7 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 16-ന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇ-ടെൻഡറുകൾ ക്ഷണിച്ചു. മുൻ എൽഡിഎഫ് സർക്കാരിൽ നിന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ധവളപത്രം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് വൻതുക ചെലവിട്ട് ഐപാഡുകൾ വാങ്ങാനുള്ള പുതിയ പദ്ധതി.

ടെൻഡർ രേഖകളിൽ ഐപാഡുകൾ ആർക്കൊക്കെയാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും വിതരണം ചെയ്യാനാണ് ഇവ വാങ്ങുന്നതെന്നാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ടെൻഡർ പ്രകാരം ആകെ 480 ഐപാഡുകളാണ് വാങ്ങുന്നത്:

160 എണ്ണം 13 ഇഞ്ച് ഐപാഡ് പ്രോ (256GB) - ഒന്നിന് ഏകദേശം 1,99,000 രൂപ നിരക്കിൽ ഇതിനായി മാത്രം 3.19 കോടി രൂപ ചെലവഴിക്കും.

160 എണ്ണം 11 ഇഞ്ച് ഐപാഡ് പ്രോ (256GB) - ഒന്നിന് 1.39 ലക്ഷം രൂപ നിരക്കിൽ 2.23 കോടി രൂപ നീക്കിവെച്ചിരിക്കുന്നു.

160 എണ്ണം 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ (256GB) മോഡലുകൾക്കായി 1.27 കോടി രൂപയും ചെലവഴിക്കും.

മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഐ.ടി ഹാർഡ്‌വെയറുകൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി സെപ്റ്റംബറിൽ സർക്കാർ ഉയർത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഒക്ടോബർ 16-ന് കെൽട്രോൺ ഇ-ടെൻഡർ പുറപ്പെടുവിച്ചത്.

Tags