കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുകയെന്നതാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

google news
Minister R Bindu


മലപ്പുറം : കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നില നിൽക്കുന്ന വിടവ് പരിഹരിക്കുന്നതിനായാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ നേതൃത്വത്തിൽ സാമൂഹിക നൈപുണ്യ പാർക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതുവഴി 133 സ്‌കിൽ കോഴ്‌സുകൾ യുവതീ-യുവക്കൾക്കായി നൽകി വരുന്നു. ഇവരുടെ കർമ്മശേഷിയും നൈപുണിയും വികസിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. കേരളീയ സമൂഹത്തെ മുഴുവനായി നൈപുണിയുടെ പടച്ചട്ട അണിയിക്കുക എന്നതിലൂടെ വൈജ്ഞാനിക സമൂഹം എന്ന ആശയം മുന്നോട്ടുവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.


അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിലെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും തലമുറയ്ക്ക് വേണ്ടി ഏറ്റവും മികച്ച വിദ്യാഭ്യാസ രീതിയും മികച്ച തൊഴിൽ മേഖലകളും കേരളീയ അന്തരീക്ഷത്തിൽ തന്നെ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിൽ ബന്ധിപ്പിക്കുന്ന നൈപുണ്യ വികസന ക്ലാസുകൾ വഴി കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ സാധിക്കും. മാത്രമല്ല, സമൂഹത്തിലെ നേതൃത്വപരമായ മേഖലകളിൽ പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാർഥികളുടെ ആശയങ്ങൾ കൂടി വളർത്തിക്കൊണ്ടുവരുന്ന വിധത്തിലുള്ള നോളജ് ട്രാൻസ്‌ലേഷൻ സെന്ററുകളും ഇൻക്യുബേഷൻ സെന്ററുകളും സാധ്യമാക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരികയാണ്.

കൂടുതൽ തൊഴിൽദാതാക്കളെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുക്കുന്നത്. പഠനത്തോടൊപ്പം സമ്പാദ്യമുണ്ടാക്കും വിധമുള്ള പ്രായോഗിക പരിശീലനങ്ങളാണ് നൽകുന്നത്. പൊതുസമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയിൽ കൂരടയിലുള്ള 1.5 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. യുവതലമുറയ്ക്ക് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ മികച്ചതൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. 17.3 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിൽ പരിശീലനം ലഭിക്കും.

പരിപാടിയിൽ കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. നസീറ, ഒ. ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം പി.പി. മോഹൻദാസ്, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം അക്ബർ കുഞ്ഞു, തവനൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. പ്രവിജ, അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി. സജിത് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ എച്ച്. ഹരീഷ് നായർ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സലിം, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags