സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്ടി സർക്കാർ, പത്ത് മടങ്ങോളം വർധന ,സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധനവ്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കിൽഡ് ജോലികളിൽ 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക.
മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.
ശിക്ഷാതടവുകാർക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്കാരത്തിലൂടെ മൂവായിരത്തിലധികം ജയിൽപുള്ളികൾക്കാണ് വേതനം കൂടുക. 2018 ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയിൽ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ ആറ് വ്യത്യസ്ത വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളിൽ പൊതുവെ സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. കർണാടക, ജാർഖണ്ഡ്, തമിഴ്‌നാട്, ഡൽഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജയിൽ അന്തേവാസികൾക്ക് നിലവിൽ നൽകിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്.
ജയിൽ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി കൂടിയാണെന്നും ഉത്തരവിൽ പറയുന്നു. വിവിധ ഉൽപാദന - നിർമാണ പ്രവർത്തനങ്ങളിൽ അന്തേവാസികൾ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നൽകേണ്ടത് അനിവാര്യമാണെന്നും ജയിൽ ചട്ടങ്ങൾ പ്രകാരം ജയിൽ അന്തേവാസികൾക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായും ജയിലിലെ കാന്റീൻ ആവശ്യങ്ങൾക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും അധ്വാനത്തിന് മൂല്യമുണ്ടെന്ന ബോധം വളർത്തുന്നതിനും ഉതകുന്നതിനൊപ്പം മോചനാനന്തരമുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലൂടെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നതിന് ജയിൽ അന്തേവാസികൾക്ക് സഹായകമാകുന്നതാണ് വേതന പരിഷ്കരണമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.
നിലവിൽ അധിക വേതനം ലഭിച്ചുവരുന്നുവെന്ന കാര്യം പരിഗണിച്ച് നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബർ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന അന്തേവാസികൾക്ക് വാർഷിക ഉൽപാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ ഒരു ഇൻസെന്റീവ് കൂടി അതത് വർഷം സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കും.
.jpg)


