വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് ഈ നടപടി. നേരത്തെ പോലീസിലെയും ഇന്റലിജൻസിലെയും രഹസ്യവിഭാഗങ്ങളെ സമാനമായി വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിജിലൻസിന്റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടി1, ടി2 എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.
ടി1 സെക്ഷൻ: വിജിലൻസിലെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകൾ, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകൾ, അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ടി2 സെക്ഷൻ: വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ് ചെയ്യൽ, നിർണായകമായ സോഴ്സ് റിപ്പോർട്ടുകൾ എന്നിവയാണ് ഇതിൽ കൈകാര്യം ചെയ്യുന്നത്.
2005-ൽ വിവരാവകാശ നിയമപ്രകാരം വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും, 2022-ൽ വീണ്ടും പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതിന് പിന്നാലെയാണ് വിജിലൻസിനെ വീണ്ടും ഒഴിവാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് സ്വാഭാവിക ഭരണനടപടികളുടെ ഭാഗമാണെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.
.jpg)


