സർക്കാരിനെ നുണക്കോപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നു: മുഖ്യമന്ത്രി
സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാമെന്നാണ് അവർ കരുതുന്നത്. ആസൂത്രിതമായി വ്യാജ കേരള സ്റ്റോറി പടച്ചുവിടുന്നു. അത്തരക്കാരെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
tRootC1469263">കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2016 നും 2024 നും ഇടയിലുള്ള വാർഷിക വ്യവസായ സർവ്വേ കണക്കുകൾ പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. 2016ൽ കേരളത്തിൽ 170 സർക്കാർ ഫാക്ടറികളുണ്ടായിരുന്നത് 2024ൽ 163 ആയി ഏതാണ്ട് സ്ഥിരതയോടെ നിലകൊള്ളുന്നു. ഇതേ കാലയളവിൽ കർണാടകയിൽ പൊതുമേഖല ഫാക്ടറികളുടെ എണ്ണം 151ൽ നിന്ന് 74 ആയും, ഉത്തർപ്രദേശിൽ 117ൽ നിന്ന് 45 ആയും കുത്തനെ ഇടിഞ്ഞു. സ്വകാര്യവൽക്കരണ നയങ്ങൾ ശക്തമായ ഗുജറാത്തിൽ 406ൽ നിന്ന് 139 ആയും മഹാരാഷ്ട്രയിൽ 343ൽ നിന്ന് 98 ആയും പൊതുമേഖലാ യൂണിറ്റുകൾ കുറഞ്ഞു. പശ്ചിമ ബംഗാളിലും 152ൽ നിന്ന് 63 ലേക്ക് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.
സർക്കാരിന്റെ നിരന്തരമായ ഇടപെടലുകൾ മൂലം ഈ സ്ഥാപനങ്ങൾ 5,135.89 കോടി രൂപയുടെ സംയുക്ത വിറ്റുവരവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 15.14 ശതമാനത്തിന്റെ വർദ്ധനവാണ്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 2023-24 സാമ്പത്തിക വർഷത്തിലെ 12ൽ നിന്ന് 2024-25 ൽ 14 ആയി ഉയർന്നു. അതുപോലെ തന്നെ പ്രവർത്തന ലാഭം രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണം 18ൽ നിന്ന് 22 ആയി വർദ്ധിക്കുകയും ചെയ്തു.
മൊത്തം സാമ്പത്തിക മൂല്യവർദ്ധനവിന്റെ (Gross Value Added - GVA) കാര്യത്തിൽ രാജ്യത്തെ ആകെ വിഹിതത്തിന്റെ 11.3 ശതമാനം സംഭാവന നൽകി കേരളം മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തെത്തി. അതേസമയം ഗുജറാത്തിന്റെ വിഹിതം കേവലം 2 ശതമാനവും തമിഴ്നാടിന്റേത് 5.9 ശതമാനവുമാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ 15.6 ശതമാനം സഞ്ചിത നാമമാത്ര ജിവിഎ വളർച്ചയോടെ കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമായി മാറി. ഇതേ കാലയളവിൽ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വൻകിട സംസ്ഥാനങ്ങൾ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്.
2016ൽ കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 5,756 കോടി രൂപയുടെ മൂല്യവർദ്ധനവാണ് ഉണ്ടായിരുന്നതെങ്കിൽ 2024ൽ മൂല്യവർദ്ധനവ് 17,801 കോടി രൂപയായി കുതിച്ചുയർന്നതായി മുഖ്യമന്ത്രി പറഞ്ഞു.
.jpg)


