മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

Government announces Rs 14 lakh compensation to family of Raju, who died in elephant attack in Mananthavady

വയനാട്: കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണ്  സർക്കാർ പ്രഖ്യാപിച്ചത്. രാജുവിന്റെ മരണത്തെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിന് മുന്നിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. മുൻ മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. രാജുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധത്തെ തുടർന്നാണ് 14 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുന്നതായി മാനന്തവാടി എംഎൽഎ ഉഷാ വിജയൻ അറിയിച്ചത്. അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. എന്നാൽ ആശ്രിതർക്ക് സർക്കാർ ജോലി ഉറപ്പുനൽകാതെ മൃതദേഹം ആശുപത്രിയിൽ നിന്ന് മോർച്ചറിയിലേക് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.ബുധനാഴ്ച രാവിലെ 9.30ഓടെ കാട്ടിക്കുളത്തെ കൃഷിയിടത്തിൽ വച്ചാണ് രാജുവിന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 1.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കളും നാട്ടുകാരും പിന്നീട് പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും മുൻ മന്ത്രി ഒ.ആർ. കേളുവും പ്രതിഷേധത്തിന് നേതൃത്വം നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് രാജു മരിച്ചതെന്ന് രാജുവിന്റെ ബന്ധുക്കൾ ആരോപിച്ചു. നഷ്ടപരിഹാരവും ആശ്രിത നിയമനവും സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ലഭിച്ചാൽ മാത്രമേ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കൂവെന്ന് പ്രതിഷേധക്കാർ അറിയിച്ചു. സംഭവസ്ഥലത്തേക്കോ ആശുപത്രിയിലേക്കോ വയനാടിന്റെ ചുമതലയുള്ള മന്ത്രി ടി സിദ്ദിഖ് എത്തിയില്ലെന്നതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

Tags