കാർഷിക മേഖലയ്ക്ക് പിന്തുണ നൽകുന്ന നയമാണ് സർക്കാരിന്റേത് :മുഖ്യമന്ത്രി

google news
dhgf

മലപ്പുറം : കാർഷിക മേഖലയ്ക്ക് പിന്തുണ നൽകുന്ന നയമാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും രജിസ്ട്രേഷൻ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും പെരിന്തൽമണ്ണയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.  പുതിയ കാർഷിക സംസ്‌കൃതി സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു.

 കാർഷിക ഉത്പാദനത്തിനും അതിന്റെ വളർച്ചയ്ക്കും അങ്ങേയറ്റത്തെ പ്രധാന്യമാണ് സർക്കാർ നൽകുന്നത്. മില്ലറ്റ് കൃഷി വ്യാപിപ്പിക്കാൻ ബജറ്റിൽ പ്രത്യേക വിഹിതം വകയിരുത്തിയിട്ടുണ്ട്. നാളികേര കർഷകർക്കായി 34 കോടി വകയിരുത്തി. റബറിന്റെ വില സ്ഥിരത ഉറപ്പ് വരുത്താൻ 600 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂല്യവർധന മേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടെയും സേവന മേഖലയിലെ 200 യന്ത്രവൽകൃത കൃഷിക്കൂട്ടങ്ങളുടെയും സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.


കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. വിപണന പ്രദർശനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നജീബ് കാന്തപുരം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ കലാം, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. ബി അശോക്, കൃഷി വകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു എന്നിവർ സംസാരിച്ചു.

ഒരുപ്രദേശത്തെ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സജ്ജമായ വ്യക്തികളുടെ കൂട്ടായ്മകളെ യോജിപ്പിച്ച് കാർഷിക രംഗത്ത് നിലനിർത്തുന്നതാണ് കൃഷിക്കൂട്ടം പദ്ധതി. അടുത്തടുത്ത വീടുകൾ, കൃഷിയിടങ്ങൾ എന്നിവ ആധാരമാക്കിയാണ് കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുള്ളത്. ഒരു വാർഡിൽ നിന്ന് അഞ്ചുമുതൽ 25 വരെ അംഗങ്ങൾ ഉൾക്കൊള്ളുന്ന, അഞ്ചുസെന്റ് മുതൽ രണ്ട് ഏക്കർ വരെ ആകെ കൃഷിചെയ്യുന്നതുമായ ഒരു സംഘമാണ് കൃഷിക്കൂട്ടങ്ങൾ. ഇവയെ ഉത്പാദനം, സേവനം, മൂല്യവർധനം എന്നിങ്ങനെ മൂന്ന് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. മൂല്യവർധന മേഖലയിലുള്ളവർക്ക് ഉത്പന്നങ്ങൾ നൽകുന്നതാണ് ആ മേഖലയിലുള്ളവരുടെ പങ്ക്. രണ്ടുവിഭാഗത്തിനും വേണ്ട പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ നൽകുകയാണ് സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങളുടെ ഉത്തരവാദിത്തം. മൂല്യവർധിത ഉത്പാദനം വിൽപ്പനയ്ക്ക് വേണ്ട സഹായവും പദ്ധതിവഴി ചെയ്യും.

Tags