മുഖ്യമന്ത്രി വി.ഡി. സതീശൻറെ പഴയ ഫോൺ നമ്പർ ഉപയോഗിച്ച് വ്യാജ 'ഭരണം' ; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻറെ പേരിൽ മൊബൈൽ ഫോണിലൂടെ ഏഴു മാസത്തോളം ആൾമാറാട്ടം നടത്തുകയും ഉദ്യോഗസ്ഥരെയടക്കം വഞ്ചിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദാണ് പിടിയിലായത്. പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്നറിഞ്ഞ് അന്വേഷണസംഘവും ഞെട്ടി.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി. സതീശൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ കുറച്ചുകാലമായി ഉപയോഗിക്കാതിരുന്നതോടെ ബി.എസ്.എൻ.എൽ അത് മറ്റൊരാൾക്ക് നൽകാനായി മാറ്റിയിരുന്നു. അപേക്ഷ നൽകി ഈ നമ്പർ കൈക്കലാക്കിയ ഷംനാദ്, ട്രൂകോളറിൽ 'വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ്' എന്ന് കാണിക്കുന്നത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്.
വി.ഡി സതീശൻറെ ഓഫീസിൽ നിന്നാണെന്നും പ്രൈവറ്റ് സെക്രട്ടറിയാണെന്നും പരിചയപ്പെടുത്തി പോലീസിലെയും സെക്രട്ടറിയേറ്റിലെയും ഉന്നത ഉദ്യോഗസ്ഥരെയാണ് ഇയാൾ പ്രധാനമായും വിളിച്ചിരുന്നത്. പഴയ നമ്പർ അറിയാവുന്ന ചില നാട്ടുകാർ സതീശനാണെന്ന് കരുതി സഹായത്തിനായി വിളിച്ചപ്പോൾ, താൻ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് വിശ്വസിപ്പിച്ച് പരാതികൾക്ക് ഉടൻ പരിഹാരം കാണാമെന്ന് ഇയാൾ ഉറപ്പുനൽകി. തുടർന്ന് ഈ പരാതികളിൽ നടപടിയെടുക്കാൻ നിർദ്ദേശിച്ച് വിവിധ സർക്കാർ ഓഫീസുകളിലേക്ക് ഇയാൾ വി.ഡി. സതീശന്റെ പേരിൽ ബന്ധപ്പെടുകയും ചെയ്തു.
വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കന്റോൺമെന്റ് പോലീസ് തിങ്കളാഴ്ച വൈകിട്ടോടെ ഷംനാദിനെ കസ്റ്റഡിയിലെടുത്തു.
ഇത്തരത്തിൽ ഫോൺ വിളിച്ച് ഇയാൾ സാമ്പത്തിക തട്ടിപ്പുകളോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
.jpg)

