സംസ്ഥാനത്തുള്ളത് സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ഭരണം: മന്ത്രി റോഷി അഗസ്റ്റിന്‍

google news
dszh

ഇടുക്കി :  മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേട്ട് പരിഹരിക്കുന്നതിനായി സംസ്ഥാനത്തെമ്പാടും നടത്തുന്ന പരാതിപരിഹാര അദാലത്തുകള്‍ ഈ സര്‍ക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി പരിഹാര അദാലത്തുകളിലെ ദേവികുളം താലൂക്ക് അദാലത്ത് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ഭരണസംവിധാനമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. എല്ലാവര്‍ക്കും എവിടെയും എപ്പോഴും സമീപിക്കാവുന്ന ഭരണസംവിധാനമാണിവിടുത്തേത്.

 ഒട്ടെറ ജനകീയപ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുകയാണ് അദാലത്തുകളുടെ ലക്ഷ്യം. സര്‍വതലസ്പര്‍ശിയായ മാറ്റങ്ങള്‍ക്ക് നിദാനമാകുന്ന ഒരു സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു.
ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് സമയോചിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഭരണകൂടം തന്നെ താഴേക്ക് ഇറങ്ങിവരുന്ന കാഴ്ചയാണ് അദാലത്തുകളില്‍. ജനാധിപത്യത്തില്‍ ജനങ്ങളാണ് ഭരണാധികാരികള്‍. ജനപ്രതിനിധികള്‍ ദാസന്‍മാരാണ്. ഈ കാഴ്ചപ്പാടിനെ അര്‍ത്ഥപൂര്‍ണമാക്കുകയാണ് താലൂക്ക് തല അദാലത്തുകള്‍. സമാനതകളില്ലാത്ത വികസനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കിക്കൊണ്ടാവും ഈ സര്‍ക്കാര്‍ ഭരണം പൂര്‍ത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. എം രാജ മഹനീയ സാന്നിധ്യമായി.


പ്രകൃതിദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട പള്ളിവാസലിലെ ചെല്ലദുരൈ, വീരമണി എന്നിവര്‍ക്ക് നഷ്ടപരിഹാരവും വെള്ളത്തൂവലിലെ നീതു എല്‍ദോസിന് റേഷന്‍കാര്‍ഡ് അനുവദിച്ചതും ഉദ്ഘാടനച്ചടങ്ങിനൊടുവില്‍ വിതരണം ചെയ്തുകൊണ്ടാണ് മന്ത്രിമാര്‍ അദാലത്ത് തുടങ്ങിയത്.

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, എ.ഡി.എം. ഷൈജു പി. ജേക്കബ്, ഡെ. കളക്ടര്‍മാരായ കെ. പി ദീപ, ജോളി ജോസഫ്, മനോജ് കെ., ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.  

പീരുമേട് താലൂക്ക് അദാലത്ത് മെയ് 19ന് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തിലും ഉടുമ്പഞ്ചോല താലൂക്ക് അദാലത്ത് മെയ് 22 ന് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനിലും ഇടുക്കി താലൂക്ക് അദാലത്ത് മെയ് 24 ന് ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളിലും നടക്കും. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുറമെ പുതുതായി എത്തുന്ന അപേക്ഷകര്‍ക്കും പരാതികള്‍ നല്‍കാനുള്ള സൗകര്യം അദാലത്ത് വേദികളില്‍ ഒരുക്കിയിട്ടുണ്ട്.

Tags