ചേട്ടനെ തിരിച്ചുകിട്ടി..! ബിജെപിയിൽ പോയത് തെറ്റായിപ്പോയി; പാർട്ടി വിട്ട് പത്മജ വേണുഗോപാൽ

Got my brother back..! Joining BJP was a mistake; Padmaja Venugopal leaves the party

തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്നും രാജിവെച്ചു. സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനാലല്ല പാർട്ടി വിട്ടതെന്നും, ബിജെപിയുടെ ആശയങ്ങൾ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇമെയിൽ വഴിയാണ് രാജിക്കത്ത് അയച്ചത്.രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരൻ കെ. മുരളീധരനോടാണെന്ന് പത്മജ വ്യക്തമാക്കി. ചേട്ടനെ തിരിച്ചുകിട്ടിയതാണ് വലിയ സന്തോഷമെന്നും, ഇനി മറ്റൊന്നും വേണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസിലെ പദവി കണ്ടല്ല ബിജെപിയിൽ നിന്ന് രാജിവെച്ചതെന്നും, തെറ്റുപറ്റിയാൽ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛൻ കെ. കരുണാകരനായിരുന്നുവെന്നും പത്മജ ഓർമ്മിപ്പിച്ചു. ജീവിതത്തിൽ ഇന്നുവരെ നരേന്ദ്ര മോദിയെയോ അമിത് ഷായെയോ നേരിട്ട് കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.

ബിജെപി തനിക്ക് വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ലെന്നും താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നുവെന്നും, കോൺഗ്രസിൽ ചേരുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു. ആരുമായും തർക്കത്തിനില്ലെന്നും, കോൺഗ്രസിലെ പദവി ലക്ഷ്യമിട്ടല്ല രാജിയെന്നും പത്മജ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്നും പ്രധാന പരിപാടികളിൽ നിന്നും പത്മജ വിട്ടുനിന്നിരുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കാതിരുന്നതാണ് തീരുമാനത്തിന് പിന്നിലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 2024 മാർച്ചിൽ ഡൽഹിയിൽ പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ ബിജെപി അംഗത്വം സ്വീകരിച്ചത്. പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു അന്ന് കോൺഗ്രസ് വിട്ടത്.

Tags