വഴിപാടായി നൽകിയ സ്വർണമാല കാണാതായി; മാമ്പഴത്തറ ദേവീക്ഷേത്രത്തിൽ ശാന്തിക്കാരന് സസ്‌പെൻഷൻ
തെന്മല: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മാമ്പഴത്തറ ദേവീക്ഷേത്രത്തിൽ ഭക്തൻ നൽകിയ സ്വർണമാല കാണാതായ സംഭവത്തിൽ ശാന്തിക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആര്യങ്കാവ് സബ് ഗ്രൂപ്പിലെ മാമ്പഴത്തറ ദേവസ്വത്തിലെ ശാന്തിക്കാരനായ മധുസൂദനശർമയെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
tRootC1469263">കഴിഞ്ഞദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് സസ്പെൻഷൻ തീരുമാനമെടുത്തത്. ഈമാസം അഞ്ചിന് തമിഴ്നാട് സ്വദേശിയായ ഭക്തൻ രണ്ടുപവന്റെ സ്വർണമാല വഴിപാടായി നൽകിയെങ്കിലും ദേവസ്വം ബോർഡിന്റെ കണക്കിൽ വന്നിരുന്നില്ല. ഇത് മാമ്പഴത്തറ സ്വദേശി ദേവസ്വം ബോർഡിനെ അറിയിച്ചു. തുടർന്ന് ദേവസ്വം ബോർഡിന്റെ വിജിലൻസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. വിജിലൻസ് അധികൃതർ ക്ഷേത്രത്തിൽ വിവരങ്ങൾ തിരക്കിയപ്പോൾ ക്ഷേത്രത്തിന്റെ വഞ്ചിയിൽ സ്വർണമാല ഇട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചു.
എന്നാൽ വിജിലൻസ് സംഘം ദേവസ്വം ബോർഡ് അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വഞ്ചി തുറന്നുനോക്കിയെങ്കിലും മാല കണ്ടെത്താനായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ശാന്തിക്കാരനെതിരേ നടപടി സ്വീകരിച്ചത്.
സാധാരണയായി ഇത്തരത്തിൽ മാല ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രത്തിലേക്ക് ലഭിക്കുമ്പോൾ ദേവസ്വം ബോർഡ് ഓഫീസിൽ അറിയിക്കേണ്ടതുണ്ട്. വഴിപാടായി ലഭിക്കുന്ന സ്വർണം ഉൾപ്പെടെയുള്ളവ ക്ഷേത്രത്തിൽ ലഭിച്ചാലും ദേവസ്വം ഓഫീസിലേക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്.
.jpg)


