പെട്രോൾ വാങ്ങാൻ കുപ്പി വേണമെന്ന വ്യാജേന വീട്ടിൽ എത്തി ; വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണമാല കവർന്നു ; പ്രതി അറസ്റ്റിൽ

The accused arrived at the house under the pretext of needing a bottle to buy petrol, threw chili powder into an elderly woman's eyes, and stole her gold chain; he has been arrested.

തിരുവല്ല : പെട്രോൾ വാങ്ങാൻ കുപ്പി വേണമെന്ന വ്യാജേനെ എത്തി വയോധികയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല കവർന്ന സംഭവത്തിലെ പ്രതിയെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി വായ്പൂർ കുളത്തൂർ മധുരപ്ലാക്കൽ വീട്ടിൽ യൂനിസ് ആണ് അറസ്റ്റിൽ ആയത്. കീഴ്വായ്പൂർ സ്റ്റോർ മുക്ക് ജംഗ്ഷനിൽ വെള്ളിയാംപള്ളിൽ വീട്ടിൽ ഏലിയാമ്മയുടെ മാലയാണ് കവർന്നത്. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. പെട്രോൾ വാങ്ങാൻ എന്ന വ്യാജേനെ ആക്ടീവ സ്കൂട്ടറിലാണ് ആണ് റോഡിനോട് ചേർന്നുള്ള ഏലിയാമ്മയുടെ വീട്ടിൽ പ്രതി എത്തിയത്. കുപ്പി നൽകിയ ശേഷം തിരികെ നടന്ന ഏലിയാമ്മയുടെ പിന്നാലെ എത്തിയ പ്രതി ഏലിയാമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പിടിവലിക്കിടയിൽ മാലയുടെ കൊളുത്തും കുരിശും ഏലിയാമ്മയ്ക്ക് ലഭിച്ചിരുന്നു. 

സംഭവ ശേഷം കീഴ്വായ്പൂരുള്ള ബാർബർ ഷോപ്പിൽ പ്രതി എത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യമാണ് പോലീസിലേക്ക് പ്രതിയെ എത്തിക്കുവാൻ പ്രധാന കാരണമായത്. ബാർബർ ഷോപ്പിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യം പോലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെ പ്രതിയെ തിരിച്ചറിഞ്ഞ ഒരാൾ വിവരം കീഴ്വായ്പൂർ പോലീസിൽ അറിയിക്കുകയായിരുന്നു. 

തുടർന്ന് രാത്രി 11 മണിയോടെ ഇയാളെ പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തൊണ്ടിമുതൽ പോലീസ് പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാലുലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Tags