വാതിൽ അകത്തു നിന്നും ലോക്കായി, കിടപ്പുമുറിക്കുള്ളിൽ കുടുങ്ങി ഒന്നര വയസ്സുകാരി ; രക്ഷകരായി അഗ്നിശമനസേന

18-month-old girl trapped inside bedroom after door locks from the inside; Fire Force comes to the rescue.

 തിരുവല്ല : വാതിൽ അകത്തു നിന്നും ലോക്കായതിനെ തുടർന്ന് കിടപ്പുമുറിക്കുള്ളിൽ കുടുങ്ങിപ്പോയ ഒന്നര വയസ്സുകാരിക്ക് രക്ഷകരായി അഗ്നിശമനസേന. തിരുവല്ല റെയിൽവേസ്റ്റേഷന് സമീപം കാലായിൽ വീട്ടിൽ ബിനു കോശി ചെറിയാൻ - ജെമ ജേക്കബ് ദമ്പതികളുടെ മകൾ എൽഹാനയ്ക്ക് ആണ് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ രക്ഷകരായത്. വീടിൻറെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് കുട്ടി കുടുങ്ങിയത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. പള്ളിയിൽ പോയിരുന്ന കുട്ടിയുടെ പിതാവ് ബിനു കോശിയും മാതാവും രാവിലെ ഒമ്പതരയോടെ മടങ്ങിയെത്തി. 

ഇവർക്ക് വേണ്ടി വീടിൻറെ മുൻവശത്തെ വാതിൽ തുറക്കാനായി ഒന്നാം നിലയിലെ കിടപ്പുമുറിയിൽ കുട്ടിയെ ഒറ്റയ്ക്കാക്കി മാതാവ് താഴേക്ക് വന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയുണ്ടായിരുന്ന കിടപ്പുമുറിയിൽ എത്തുമ്പോൾ വാതിൽ അകത്തുനിന്നും ലോക്കായ നിലയിൽ ആയിരുന്നു. വാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്നതിനിടെ ഹാൻഡിൽ ഒടിഞ്ഞ് പിതാവ് ബിനു കോശിയുടെ വലതു കൈ വിരലുകൾക്ക് മുറിവ് സംഭവിച്ചു. 

തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ അഗ്നി ശമനസേന ഉദ്യോഗസ്ഥർ ചേർന്ന് ഡോർ ബ്രേക്കർ ഉപയോഗിച്ച് അഞ്ചു മിനിറ്റ് നേരത്തോളം നടത്തിയ പരിശ്രമത്തിന് ഒടുവിൽ വാതിൽ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാർ, സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ ലിംസി കുമാർ, ഫയർ &റെസ്ക്യൂ ഓഫീസർ അനിൽ കുമാർ, ഉദ്യോഗസ്ഥരായ സണ്ണി, രാഹുൽ, ശ്രീദാസ്, ഉമരുൾ ഫാറൂഖ്, ആകാശ് തോമസ്, അനിൽ കുമാർ, രാജീവ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

Tags