അനൗപചാരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗം: മുഖ്യമന്ത്രി

google news
cm

പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെയാണു സർക്കാർ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ നിലനിൽക്കണമെങ്കിൽ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ വൈജ്ഞാനികവും സാംസ്‌കാരികവുമായ അവബോധം സമൂഹത്തിൽ വളർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാന വിതരണത്തിൽ സാക്ഷരതയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് എല്ലാവരേയും സാക്ഷരതയിലേക്കും അവിടെനിന്ന് വിജ്ഞാന സാക്ഷരതയിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ നാടിനു മുന്നേറാൻ കഴിയുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗ്രന്ഥശാലകൾ, വായനശാലകൾ, സംവാദാത്മകമായ മറ്റു കൂട്ടായ്മകൾ തുടങ്ങിയവയെല്ലാം അനൗപചാരിക വിദ്യാഭ്യാസത്തിനുള്ള ഉപാധികളാണ്. ആ നിലയ്ക്ക് സംസ്ഥാന സാക്ഷരതാ മിഷൻ ഒരു അനൗപചാരിക സർവകലാശാലയെന്ന നിലയിലുള്ള പ്രവർത്തനമാണു നടത്തുന്നത്. - മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. അതിന്റെ അടിസ്ഥാന ഘടകം സാക്ഷരതയാണ്. മികച്ച സാക്ഷരത കൈവരിച്ച സമൂഹത്തിൽ മാത്രമേ വിജ്ഞാന വിതരണം സുഗമമായി നടക്കൂ. ഡിജിറ്റൽ സാക്ഷരതയ്ക്കും ഇതിൽ വലിയ പങ്കുണ്ട്. തുടർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതിനൊപ്പം ഡിജിറ്റൽ വിടവുകൾ നികത്താനുള്ള ശ്രമവും സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് നിരക്ഷരരായി അവശേഷിക്കുന്ന 15 വയസിനു മുകളിലുളള സ്ത്രീകൾ, പെൺകുട്ടികൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ, ഇതര പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡർ - ക്വിയർ വിഭാഗങ്ങൾ, പ്രത്യേക പരിഗണനാ വിഭാഗങ്ങൾ, നിർമാണ തൊഴിലാളികൾ, ചേരി/തീരദേശ നിവാസികൾ എന്നിവരിൽനിന്നു നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയും തുടർവിദ്യാഭ്യാസം നൽകുകയും ചെയ്യും. ഡിജിറ്റൽ മാധ്യമങ്ങളുടെ സഹായത്തോടെയാണു ക്ലാസുകൾ നടത്തുന്നത്. ഓൺലൈൻ ക്ലാസുകൾക്കാവശ്യമായ ഡിജിറ്റൽ ഉളളടക്കം തയ്യാറാക്കുന്നത് കൈറ്റും സാക്ഷരതാ കൈപ്പുസ്തകം തയ്യാറാക്കുന്നത് എസ്.സി.ഇ.ആർ.ടിയും ആണ്. വിവിധ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ, തുല്യതാ അധ്യാപകർ/പഠിതാക്കൾ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതിയുടെ പ്രവർത്തനം.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനത ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി  രാജു, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, കൗൺസിലർ പാളയം രാജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. കെ.ആർ. ജയപ്രകാശ്, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന തുടങ്ങിയവർ പങ്കെടുത്തു.

Tags