ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്, നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ ; ഗ്യാസ് വില വർധനയിൽ സുരേഷ് ഗോപി
തൃശൂർ : നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വില വർധിപ്പിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ... എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പെട്രോൾ, ഡീസൽ വില വർധിക്കുമോ എന്ന ചോദ്യത്തോട് സുരേഷ് ഗോപി മുഖം തിരിക്കുകയും ചെയ്തു.
19 കിലോ വരുന്ന എൽ.പി.ജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ 19 കിലോയുടെ സിലിണ്ടറിന് ഇനി 3,071.5 രൂപയാണ് വില. നാലുമാസം കൊണ്ട് സിലിണ്ടറിന് 1500ലേറെ രൂപയാണ് വർധിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിൽ 1531.50 രൂപയായിരുന്നു വില. അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടിയത്.
രാജ്യവ്യാപകമായി പാചകവാതക സിലിണ്ടറിന് ക്ഷാമം നേരിട്ടിരുന്നു. സംസ്ഥാനത്ത് സിലിണ്ടറുകൾക്ക് വില വർധിച്ചതും ക്ഷാമവും മൂലം ഹോട്ടലുകളടക്കം നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരുന്നു. അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യവുമുണ്ടായിരുന്നു. കൂടാതെ ഹോട്ടലുകൾ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിക്കുകയും ചെയ്തിരുന്നു. വില വീണ്ടും വർധിപ്പിച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കും.
.jpg)

