സംസ്ഥാനത്തെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനകീയ പ്രസ്ഥാനമായി മാറി: മന്ത്രി എം.ബി. രാജേഷ്

google news
dfh


പാലക്കാട് :  സംസ്ഥാനത്തെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വലിയ ജനകീയ പ്രസ്ഥാനമായി മാറിയതായി തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തിലെ 500 കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കി സൗന്ദര്യവത്ക്കരിക്കുന്ന മേക്ക് ദ ബ്യൂട്ടി സ്‌പോട്ട് ആലത്തൂര്‍ മെഗാ ക്യാമ്പയിന്‍ മലമലകാവ് പരിസരത്ത് മാലിന്യം നീക്കം ചെയ്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എന്ന നിലയില്‍ എല്ലാ എം.എല്‍.എമാര്‍ക്കും മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് കത്തെഴുതിയിരുന്നു. 

മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ പലരും മത്സരത്തോടെയാണ് പങ്കെടുക്കുന്നത്. മാറിനില്‍ക്കുന്നവരെ പിന്നീട് ജനം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂരിലെ ഏഴ് പഞ്ചായത്തുകളിലായാണ് ബ്യൂട്ടി സ്‌പോട്ടുകള്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി ഓരോ വാര്‍ഡുകളിലും വൃത്തിഹീനമായതോ കാട് പിടിച്ചു കിടക്കുന്നതോ ആയ നാല് കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിച്ച് ഭംഗിയുള്ള പൂന്തോട്ടങ്ങള്‍ ഒരുക്കുകയും ഫലവൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുകയും ചെയ്യും. ഈ സ്ഥലത്തിന് ബ്യൂട്ടി സ്‌പോട്ട് എന്ന പേര് നല്‍കും. മനോഹരമായ സംരക്ഷണ കവചവും പ്രചാരണ ബോര്‍ഡുകളും ഉണ്ടാവും. 

സന്നദ്ധരായ 30,000 പേര്‍ അടങ്ങുന്ന ക്ലീന്‍ ആര്‍മി രൂപീകരിച്ചാണ് പ്രവര്‍ത്തനം. തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, കൃഷി വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും ഉണ്ടാവും.
പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. കുഴല്‍മന്ദം, നെന്മാറ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ദേവദാസ്, സി. ലീലാമണി, എസ്. ആസാദ്, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. രമേശ്, നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, ആലത്തൂര്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. സുരേഷ് ബാബു, താലൂക്ക് റഫറന്‍സ് ലൈബ്രറി പ്രസിഡന്റ് എം.എ. നാസര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി. സഞ്ജു എന്നിവര്‍ പങ്കെടുത്തു.

Tags