തൃശ്ശൂരിൽ നഗര ശുചീകരണത്തിനിടെ മാലിന്യക്കുഴിയില്‍നിന്ന് നാലുകിലോ കഞ്ചാവ് കണ്ടെടുത്തു

തൃശൂര്‍: നഗരശുചീകരണത്തിനിടെ കുറുക്കന്‍പാറ ബേബി മെമ്മോറിയല്‍ മില്‍ ഹാള്‍ റോഡരുകിലെ താഴ്ചയുള്ള സ്ഥലത്ത് സാമൂഹ്യവിരുദ്ധര്‍ നിക്ഷേപിച്ചിരുന്ന മാലിന്യക്കുഴിയില്‍നിന്നും നാല് കിലോ കഞ്ചാവ് ശേഖരം പിടികൂടി. വാര്‍ഡ് കൗണ്‍സിലര്‍ സനല്‍കുമാര്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്. ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. മോഹന്‍ദാസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ വര്‍ഗീസ്, പി.എസ്. സജീഷ് എന്നിവരുംശുചീകരണ വിഭാഗം ജീവനക്കാരും ഹരിത കര്‍മ സേനാംഗങ്ങളും നാട്ടുകാരായ ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് ഇന്നലെ വൈകിട്ട് നാലിന് മാലിന്യക്കൂമ്പാരം നീക്കംചെയ്യുന്നതിനിടെയാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെടുത്തത്.
മാലിന്യത്തിന്റെ കൂട്ടത്തില്‍നിന്നും ലഭിച്ച രണ്ട് ചാക്കുകളില്‍ രണ്ട് വലിയ പ്ലാസ്റ്റിക് ഡബ്ബകളിലായി ഭദ്രമായി പൊതിഞ്ഞ് പ്ലാസ്റ്റര്‍ ഉപയോഗിച്ച് കെട്ടിവച്ചിരുന്ന നിലയിലാണ് നാല് കിലോ കഞ്ചാവ് കണ്ടെത്തിയത്. ഗ്രാം കണക്കിന് തൂക്കിവില്‍ക്കാന്‍ ഉപയോഗിക്കുന്ന ചെറിയ അളവ് തൂക്ക യന്ത്രവും ഇതിനോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം പോലും പഴക്കമില്ലാത്ത വിധത്തിലാണ് ചാക്കില്‍ കഞ്ചാവ് ടബ്ബകളിലായി സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പെയ്ത മഴയുടെ നനവ് ചക്കിനു മുകളിലുണ്ടായിരുന്നു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരം അറിയിച്ചശേഷം അവരെത്തി കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തു. കുറക്കന്‍പാറ കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ലോബി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ലോബിയുടെതാണ് പിടിച്ചെടുത്ത കഞ്ചാവെന്നാണ് കരുതുന്നത്.