'സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ആണ് ഇപ്പോൾ ഉളളത്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയാൽ സലാം ഇന്ന് പാർട്ടിയിൽ ഉണ്ടാകില്ല' : ജി സുധാകരൻ
ആലപ്പുഴ: മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കൽ ക്രിമിനൽസാണ് ഇപ്പോഴുളളതെന്ന് ജി സുധാകരൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയാൽ സലാം ഇന്ന് പാർട്ടിയിൽ ഉണ്ടാകില്ലെന്നും ജി സുധാകരൻ പറഞ്ഞു.
'എച്ച് സലാമിന് വിവരമുണ്ടോ? ഞാൻ കണക്ക് പറഞ്ഞാൽ അവനെ പാർട്ടിയിൽ നിന്ന് പുറത്താക്കും. എനിക്കിപ്പോഴും കമ്മ്യൂണിസം ഉണ്ട്. ഇലക്ഷൻ കാലത്ത് പിരിക്കുന്ന ഫണ്ടിന്റെ കണക്ക് പൊതുജനങ്ങളോട് പറയുമോ? അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്. ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാൾക്ക് വ്യക്തിവൈരാഗ്യമാണ്. ആദ്യം മാർക്‌സിസവും ലെനിനിസവും പഠിക്കട്ടെ. ഗുണംപിടിക്കില്ല. അമ്പലപ്പുഴയിൽ ഇനി ആ പുല്ല് കിളുക്കാൻ പോകുന്നില്ല': ജി സുധാകരൻ പറഞ്ഞു.
രണ്ടുമാസം മുൻപ് സ്ത്രീജനങ്ങളുടെ പ്രതിഷേധം തനിക്കെതിരെ നടന്നിരുന്നെന്നും 12 പേർ തികച്ച് ഇല്ലായിരുന്നു പരിപാടിക്കെന്നും ജി സുധാകരൻ പറഞ്ഞു. അഭിമാനമുളള സ്ത്രീകളാരും അവിടെ വരില്ലെന്നും സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ആണ് ഇപ്പോഴുളളതെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ തനിക്കെതിരെ കയ്യേറ്റമുണ്ടായെന്നും ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും സുധാകരൻ അറിയിച്ചു. സ്‌കൂളിലെ വിവരങ്ങൾ വിദ്യാഭ്യാസമന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും അറിയിച്ചെന്നും എംഎൽഎ പറഞ്ഞു.
ചോദ്യങ്ങൾ ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരുടെ മൈക്കുകളും സുധാകരൻ തട്ടിമാറ്റി. കൈരളി ടിവി റിപ്പോർട്ടറെ അധിക്ഷേപിച്ചു. എച്ച് സലാമുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ക്ഷുഭിതനായത്. താൻ എവിടുത്തെ മാധ്യമപ്രവർത്തകനാണ് ചോദിച്ച സുധാകരൻ മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്നും വിളിച്ചു. മുൻപ് അയാൾ വർഗീയ സംഘടനയിൽ പ്രവർത്തിച്ച കാര്യം തനിക്ക് അറിയാമെന്നാണ് സുധാകരൻ പറഞ്ഞത്.
.jpg)

