ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരമെന്നാണ് പറഞ്ഞത് ; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയോഗത്തെ ന്യായീകരിച്ച് എ.കെ ബാലൻ

AK Balan against Sandeep Warrier

 തിരുവനന്തപുരം: സി.പി.എമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ ജനകീയ സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പ്രയോഗത്തെ ന്യായീകരിച്ച് മുൻ മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രി ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് പറഞ്ഞതെന്നാണ് ബാലന്റെ ന്യായീകരണം. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവിൽ അർഥമായി പറയുന്നത് അൽപ്പത്തം, ഹീനത എന്നിങ്ങനെയാണ്. അൽപ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി. സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലൻ വിശദീകരിച്ചു. വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരൻ സ്വീകരിച്ചപ്പോൾ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു. സുധാകരൻ അധഃപതിച്ച് പോയതിൽ വിഷമമുണ്ടെന്നും കോൺഗ്രസിൽ ചേർന്നത് കൊണ്ടാണ് ജി സുധാകരൻ ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലൻ പറഞ്ഞു.

കോൺഗ്രസിന്റെ സഹായത്തോടെ സുധാകരന് വോട്ട് പിടിക്കാൻ എങ്ങനെ കഴിയുന്നുവെന്നും ബാലൻ ചോദിച്ചു.അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ മൽസരിക്കുന്ന മുൻ മന്ത്രി ജി.സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാൻ മറ്റൊരു വാക്കില്ലെന്നും പിണറായി ആവർത്തിച്ചു.

ഇതോടെ മറുപടിയുമായി ജി സുധാകരനും രംഗത്തെത്തി. ചെറ്റയെന്ന വിളിയിൽ അഭിമാനം കൊളളുന്നുവെന്നും ചെറ്റ എന്നത് അടിസ്ഥാന വർഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവൻറെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. 18 വയസുവരെ ഞാൻ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. 

Tags