കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര: വ്യാജ പ്രചാരണത്തിനെതിരെ ഗതാഗത മന്ത്രി സി.പി. ജോൺ പൊലീസിൽ പരാതി നൽകി
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാപക പ്രചാരണത്തിനെതിരെ ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസ് പൊലീസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജുവാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയത്.
പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്നും സർക്കാർ ജീവനക്കാരെ പൂർണമായി ഒഴിവാക്കും എന്ന തരത്തിലാണ് വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചാരണം നടന്നത്. സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രത്യേക 'പ്രിയദർശിനി കാർഡ്' ഇറക്കുമെന്നായിരുന്നു വാർത്തകൾ. വ്യാജ സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം മന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറിയിട്ടുണ്ട്.
ചില അക്കൗണ്ടുകളിൽ ഇത്തരം പോസ്റ്റുകൾക്കൊപ്പം അഭിപ്രായ സർവേകൾ നടത്തുന്നുണ്ടെന്നും യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ അശ്ലീല കമന്റുകൾ വരുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ബിഎൻഎസ് (BNS) 353, 356, 336 എന്നീ വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമെന്ന വിവരം പുറത്തുവന്നു. അതേസമയം, ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പൂർണമായും തള്ളിക്കളയണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. എല്ലാ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തടസ്സമില്ലാതെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
.jpg)

