മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നു പറഞ്ഞു തട്ടിപ്പ് ; റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി

sit

20 മണിക്കൂര്‍ നീണ്ട റെയ്ഡിനിടെ 6300 അമേരിക്കന്‍ ഡോളറും കണ്ടെടുത്തു.

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ കേസില്‍ കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). മെമ്മറി കാര്‍ഡുകളും കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 20 മണിക്കൂര്‍ നീണ്ട റെയ്ഡിനിടെ 6300 അമേരിക്കന്‍ ഡോളറും കണ്ടെടുത്തു.

തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലര്‍ച്ചെ 2:30 ഓടെയാണ് അവസാനിപ്പിച്ചത്. തെളിവുകള്‍ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ എസ്‌ഐടി തലവന്‍ നല്‍കുമെന്നും എസിപി ബിജോയ് ചന്ദ്രന്‍ അറിയിച്ചു. റെയ്ഡ് നടത്തുമ്പോള്‍ സ്വകാര്യ സംഭാഷണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അല്ലാതെ ജോലി തടസ്സപ്പെടുത്താന്‍ നോക്കിയിട്ടില്ലെന്നും എസിപി പറഞ്ഞു.

കളമശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്ട്രറ്റ് അനുമതിയോടെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്‌ലാറ്റിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാര്‍ക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

Tags