കണ്ണൂർ ചിറക്കലിൽ മഹാകവി ചെറുശ്ശേരി സ്മാരകത്തിന് തറക്കല്ലിട്ടു

Foundation stone laid for Mahakavi Cherussery memorial in Chirakkal, Kannur

ചിറക്കൽ :സംസ്ഥാന സാംസ്‌കാരിക വകുപ്പ് കണ്ണൂർ ചിറക്കലിൽ നിർമിക്കുന്ന മഹാകവി ചെറുശ്ശേരി സ്മാരകത്തിന്റെ ശിലാസ്ഥാപനം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ  വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മലയാള സാഹിത്യത്തിന്റെ മഹത്വം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച മഹാകവി ചെറുശ്ശേരിയുടെ സ്മരണയ്ക്കായി നിർമിക്കുന്ന സ്മാരകം സാഹിത്യ ഗവേഷണത്തിനും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും പ്രാധാന്യമുള്ള കേന്ദ്രമായി മാറുമെന്ന് മന്ത്രി പറഞ്ഞു.

tRootC1469263">

ചിറക്കൽ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ക്ഷേത്രത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന തലത്തിലേക്ക് ചെറുശ്ശേരി സ്മാരകം മാറുമെന്ന് എം എൽ എ പറഞ്ഞു. ചിറക്കൽ കോവിലകം വലിയ രാജ സി കെ രാമവർമ്മ രാജ, എസ് ആർ ഡി പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. ചിറക്കൽ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയോട് ചേർന്നുനിൽക്കുന്ന വിധത്തിൽ, ക്ഷേത്രാചാരങ്ങൾക്ക് വിഘാതം വരാതെ മ്യൂസിയം, വൃന്ദാവൻ, ഓപ്പൺ സ്റ്റേജ് എന്നിവയാണ് പദ്ധതിയിൽ രൂപകൽപന ചെയ്തിരിക്കുന്നത്. 1672 ചതുരശ്ര അടി വിസ്തൃതിയുള്ള മ്യൂസിയത്തിന്റെ താഴത്തെ നിലയിൽ താളിയോലകളും ചിത്രങ്ങളും പ്രദർശിപ്പിക്കും.

 മുകളിലെ നിലയിൽ പ്രധാനപ്പെട്ട പുസ്തക ശേഖരങ്ങളോടൊപ്പം 'കൃഷ്ണഗാഥ' ശ്രവിക്കാനുള്ള സൗകര്യത്തോടുകൂടിയ ലൈബ്രറിയും ഒരുക്കും. 600 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മുറ്റവും 1229 ചതുരശ്ര അടി വിസ്തൃതിയുള്ള സ്റ്റേജും ഗ്രീൻ റൂമും നിർമിക്കും. സന്ദർശകർക്കായി ശുചിമുറി സൗകര്യവും മുകളിലത്തെ നിലയിൽ ജലസംഭരണിയും ഒരുക്കും. പദ്ധതിയിൽ മനോഹരമായ പൂന്തോട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2.084 കോടി രൂപ ചിലവിലാണ് സ്മാരകം നിർമിക്കുന്നത്. കഥാകാരൻ ടി. പത്മനാഭന്റെ ഇടപെടലുകളും സ്മാരകം യാഥാർഥ്യമാകുന്നതിൽ നിർണായകമായി. വാസ്തുവിദ്യ ഗുരുകുലമാണ് ഡിസൈൻ തയ്യാറാക്കിയത്. പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് നിയോഗിച്ചിരിക്കുന്നത്. ചിറക്കൽ കോവിലകം ട്രസ്റ്റിന്റെ അധികാര പരിധിയിൽ ചിറക്കൽ വില്ലേജിലാണ് സ്മാരസം നിർമ്മിക്കുന്ന ക്ഷേത്രഭൂമി. 

സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എൻ വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ, വൈസ് പ്രസിഡന്റ് ടി കെ മോളി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി അനില, ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗം അർജുൻ മാവിലക്കണ്ടി, ചിറക്കൽ കോവിലകം സുരേഷ് വർമ്മ, ചിറക്കൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ വേണു, ടി ഒ ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു

Tags