ഫോർട്ട് കൊച്ചി കഫേ തർക്കം: ബിജെപി പിന്തുണച്ചില്ല; പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും വീഡിയോ സന്ദേശവുമായി യൂട്യൂബർ
കൊച്ചി: ഫോർട്ട് കൊച്ചിയിലെ കഫേയുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ കേസിലെ പ്രതിയായ യൂട്യൂബർ അമൃത് സിങ് ഡാരൻ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വീഡിയോ സന്ദേശമയച്ചു. സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് അമൃത് സിങ് പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.
വിഷയത്തിൽ ബിജെപി നേതാക്കളെ അടക്കം സമീപിച്ചെങ്കിലും ആരും സഹായിക്കുന്നില്ലെന്നും, ബിജെപി നേതാക്കളുടേത് വെറും അഭിനയമാണെന്നും വീഡിയോയിൽ ഇയാൾ ആരോപിക്കുന്നു. ബിജെപി നേതാക്കളോട് വിഷയത്തിൽ ഇടപെടാൻ നിർദേശിക്കണമെന്നാണ് ഇയാൾ മോദിയോടും അമിത് ഷായോടും ആവശ്യപ്പെടുന്നത്. വിദ്വേഷ പരാമർശത്തിന്റെ പേരിൽ ഫോർട്ട് കൊച്ചി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
തന്റെ കുടുംബം ബിജെപിയെയും ആർഎസ്എസിനെയും പരസ്യമായി പിന്തുണയ്ക്കുന്നവരായിട്ടും പാർട്ടിയിൽ നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നാണ് യൂട്യൂബറുടെ പ്രധാന പരാതി. തന്റേത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും കേരളത്തിലുള്ളവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. കാശി എന്ന് പേരുള്ള കഫേയിൽ എന്തിനാണ് ബീഫ് വിളമ്പുന്നതെന്നും ഇന്ത്യയിൽ ജിന്നയുടെ ചിത്രം എന്തിനാണ് തൂക്കിയിട്ടിരിക്കുന്നതെന്നും ചോദിച്ചതിന്റെ പേരിൽ മാത്രമാണ് പോലീസ് കേസെടുത്തതെന്നും ഇയാൾ അവകാശപ്പെടുന്നു.
നിലവിൽ സാമ്പത്തികമായും മാനസികമായും താൻ ഒറ്റപ്പെട്ടിരിക്കുകയാണ്. തന്റെ അമ്മയ്ക്ക് 70 വയസ്സുണ്ടെന്നും ഇയാൾ അറസ്റ്റിലായെന്ന തെറ്റായ മാധ്യമ വാർത്തകൾ കണ്ട് അമ്മ ഭയന്നെന്നും ഇയാൾ പറഞ്ഞു. കുടുംബം വർഷങ്ങളായി ആർഎസ്എസ്-ബിജെപി അനുകൂലികളായതിനാൽ പാർട്ടി തലത്തിൽ നിന്നും പിന്തുണ ഉറപ്പാക്കണമെന്നും "ജയ് ഹിന്ദ്", "ഹർ ഹർ മഹാദേവ്" എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
.jpg)

