ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തും മുന്‍ അംഗം അജികുമാറും റിമാന്‍ഡില്‍

Former Devaswom Board President PS Prashanth and former member Ajikumar remanded in the Sabarimala gold theft case

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തും ബോർഡ് അംഗമായിരുന്ന സി പി ഐ നേതാവ് അജികുമാറും ജയിലിലേക്ക്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതോടെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്കാണ് ഇവരെ മാറ്റുന്നത്.

കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും 13 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.  കോടതിയില്‍ ഇരുവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വേണ്ട ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മൂന്നംഗസംഘമാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

Sabarimala is getting ready for a drastic change; Waiting for a digital makeover...!

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി എസ് പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ്ഐടി അറിയിച്ചിരുന്നു. 2025-ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019-ല്‍ നടന്നതായി പറയുന്ന സ്വര്‍ണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് ആരോപണം. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലുമുണ്ടായ അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് എസ്ഐടിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പി എസ് പ്രശാന്തിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാറിനുമെതിരെ പുതിയ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്ഐടിക്ക് അനുമതി നല്‍കിയത്.

Crucial test results for SIT in Sabarimala gold robbery; The stone slabs were not changed, what was stolen was plated gold

അതേസമയം താന്‍ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പി എസ് പ്രശാന്തിന്റെ വാദം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണില്‍ സംസാരിച്ചതും. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല. നിയമപരമായി കേസ് നേരിടുമെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.

 ഏത് നിമിഷവും തന്റെ അറസ്റ്റ് ഉണ്ടാകുമെന്നും പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നുമാണ് പി എസ് പ്രശാന്ത് അറസ്റ്റിന് തൊട്ടുമുമ്പ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 2025ല്‍ തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നും 2019ലെ ശബരിമല സ്വര്‍ണക്കൊള്ള കേസ് പുറത്തുവരാന്‍ നിമിത്തമായ ബോര്‍ഡിനെ പ്രതിപട്ടികയില്‍ നിര്‍ത്തുകയാണെന്നും പി എസ് പ്രശാന്ത് ആരോപിച്ചു.

Tags