വന്യജീവി ആക്രമണങ്ങളിൽ വനനിയമങ്ങൾ പരിഷ്കരിക്കണം; മയക്കുവെടി വെച്ച് കോളർ ഇടുന്നതിൽ അർത്ഥമില്ലെന്ന് നടി മീനാക്ഷി അനൂപ്
വന്യജീവി പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കി നടി മീനാക്ഷി അനൂപ്. മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് മീനാക്ഷി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ചിന്നക്കനാലിൽ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ചരിത്രാതീത കാലം മുതലുള്ളതാണെന്നും, മനുഷ്യൻ തന്റെ ബുദ്ധിയും സാങ്കേതികവിദ്യയും ഉപയോഗിച്ച് ലോകത്തെ മനുഷ്യകേന്ദ്രീകൃതമാക്കി മാറ്റിയതാണെന്നും കുറിപ്പിൽ പറയുന്നു. പിന്നീട് പ്രകൃതിയുടെയും വന്യജീവികളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് സംരക്ഷണ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും അവ കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടുന്നു.
വനാതിർത്തികളിൽ താമസിക്കാൻ വിധിക്കപ്പെട്ട ജനങ്ങളുടെ ദുരിതങ്ങൾ സുരക്ഷിത നഗരങ്ങളിലിരുന്ന് വന്യജീവി സ്നേഹം പറയുന്നവർക്ക് മനസ്സിലാകണമെന്നില്ലെന്ന് താരം അഭിപ്രായപ്പെടുന്നു. കൃഷിയും സ്വത്തുക്കളും നശിക്കുന്നതിനൊപ്പം മക്കളുടെയും മാതാപിതാക്കളുടെയും ജീവൻ പോലും ഭീഷണിയിലാകുന്ന അവസ്ഥയാണ് അവിടെയുള്ളത്. മൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ വലിയ പ്രതിഷേധങ്ങളുണ്ടാകാറുണ്ടെങ്കിലും, ജീവനും സ്വത്തും നഷ്ടപ്പെടുന്ന നാട്ടുകാരുടെ പക്ഷം കൂടി കേൾക്കേണ്ടതുണ്ട്.
കണ്ട മൃഗങ്ങളെ മുഴുവൻ ഇല്ലാതാക്കണമെന്നല്ല, മറിച്ച് മനുഷ്യജീവനും നാട്ടുകാർക്കും ടൂറിസം മേഖലയ്ക്കും നിരന്തര ഭീഷണിയാകുന്ന മൃഗങ്ങളെ മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതിനായി വനനിയമങ്ങളിൽ അടിയന്തര മാറ്റം വേണം. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ വനവും വന്യജീവികളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കായി സ്വീകരിക്കുന്ന നടപടികൾ മാതൃകയാക്കാവുന്നതാണ്. മയക്കുവെടി വെച്ച് കോളർ ഘടിപ്പിച്ച ശേഷം 'ചക്കക്കൊമ്പൻ വരുന്നുണ്ട്, ഓടിക്കോ' എന്ന് പൊറുതിമുട്ടിയ ജനങ്ങളോട് പറയുന്നതല്ല യഥാർത്ഥ നീതിയെന്നും മീനാക്ഷി കുറിപ്പിൽ വ്യക്തമാക്കി.
.jpg)

