കാസർകോട് ജില്ലയില്‍ പുലി ഭീതിയകറ്റാന്‍ വനം വകുപ്പിന്റെ കാവല്‍


കാസർകോട് : ജില്ലയില്‍ കാറഡുക്ക, മൂളിയാര്‍, ദേലംപാടി, പുല്ലൂര്‍-പെരിയ, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലും സ്വകാര്യ ജനവാസ മേഖലയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മൂളിയാര്‍, കാറഡുക്ക പഞ്ചായത്തുകളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടത്.
പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രദേശത്ത് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുകയും, അവയില്‍ പുലിയുടെ ചിത്രങ്ങള്‍ പതിയുകയും ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്തു തദ്ദേശസ്ഥാപനങ്ങളും വനം വകുപ്പും ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിച്ചു.
പുലി ഭീതിയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. കൂടാതെ, എന്‍.ടി.സി.എ (നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി) ഗൈഡ്ലൈന്‍ പ്രകാരം എക്സ്പേര്‍ട്ട് കമ്മിറ്റിയെ നിയോഗിക്കുകയും മൂളിയാറില്‍ പുലിയെ കൂട്ടി ലാക്കി പിടിക്കാനുള്ള അനുമതി നേടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രദേശത്ത് രണ്ട് വലിയ കൂടുകള്‍ സ്ഥാപിക്കുകയും നിരന്തര നിരീക്ഷണ നടപടികള്‍ ആരംഭിച്ചു.

പുലി ഭീതിയുള്ള പതിനേഴ് പ്രധാന കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. റോഡിനോട് ചേര്‍ന്ന വനപ്രദേശങ്ങളില്‍ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ബോവിക്കാനം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മ്മ സേന രാത്രിയും പകലും നിരീക്ഷണം ശക്തമാക്കി. മൂന്ന് സെക്ഷന്‍ ഓഫീസര്‍മാര്‍, അഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, നാല് താല്‍ക്കാലിക വാച്ചര്‍മാര്‍, ഒരു ഡ്രവര്‍ എന്നിവരാണ് ദ്രുതകര്‍മ്മ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന വനമേഖലകളില്‍ പെട്രോളിംഗ് വ്യാപകമായി നടത്തുകയും, വനം വകുപ്പിന്റെ പ്രത്യേക പരിശോധനാ സംഘങ്ങള്‍ ക്യാമറ ട്രാപ്പുകള്‍, സെര്‍ച്ച് ലൈറ്റുകള്‍, ഡ്രോണ്‍ നിരീക്ഷണം എന്നിവ ഉപയോഗപ്പെടുത്തി പുലിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.
സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകളും വാഹനങ്ങളും അനുവദിക്കേണ്ടതുണ്ടെന്നും, ഇതിനായുള്ള അപേക്ഷ അധികൃതര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ അശങ്കപ്പെടേണ്ടതില്ലെന്നും, നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തമാക്കുമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ് അറിയിച്ചു.