ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പ് ദൗത്യം ഊർജ്ജിതമാകും ; കുങ്കികൾ ഇന്നിറങ്ങും; മേഖലയിൽ നിരോധനാജ്ഞ

chakka komban

 ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പ് ദൗത്യം നവംബർ 24 ഇന്ന് മുതൽ ഊർജ്ജിതമാകും. ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളും 20 അംഗ ദൗത്യസംഘവും ചിന്നക്കനാലിൽ എത്തിച്ചേർന്നു. വനംവകുപ്പിന്റെ നിരവധി നിർണ്ണായക ദൗത്യങ്ങളിൽ പങ്കെടുത്ത് പരിചയമുള്ള കുങ്കിയാനകളാണിവ.

കുങ്കിയാനകൾ ഇന്ന് മേഖലയിൽ പട്രോളിംഗ് നടത്തും. ആനയെ സൗകര്യപ്രദമായ സ്ഥലത്ത് എത്തിക്കാനായാൽ നവംബർ 25 ബുധനാഴ്ചയോ നവംബർ 26 വ്യാഴാഴ്ചയോ മയക്കുവെടി വെക്കാനാണ് തീരുമാനം. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. ദൗത്യത്തിന്റെ ഭാഗമായി സുരക്ഷാ മുൻകരുതലിനായി നാളെ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് വിനോദസഞ്ചാരത്തിനും സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, ഇന്നലെയും ചക്കക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പകൽ മുഴുവൻ ആന ജനവാസ മേഖലയ്ക്ക് സമീപം തന്നെ നിലയുറപ്പിച്ചിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ ചിന്നക്കനാലിൽ തന്നെ തുറന്നുവിടാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രദേശത്ത് ജനരോഷം ശക്തമാണ്. ഇതിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ ഇന്നലെ ചിന്നക്കനാലിൽ റോഡ് ഉപരോധിച്ചു.

Tags