ഫുട്ബാൾ ടർഫിൽ നിലവാരമില്ലാത്ത പുൽത്തകിടി സ്ഥാപിച്ചുനൽകി ; 25.9 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

google news
truf

കൊച്ചി: ഫുട്ബാൾ ടർഫിൽ നിലവാരമില്ലാത്ത പുൽത്തകിടി സ്ഥാപിച്ചുനൽകി കബളിപ്പിച്ച വിതരണക്കാരൻ, ടർഫ് ഉടമക് 25,89,700 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കോടതി. കൊച്ചിയിലെ 'സ്പോർട്സ് ടെറൈൻ' എന്ന സ്ഥാപനത്തിനെതിരെ ചോറ്റാനിക്കര 'ലെജൻഡ് ഫുട്ബാൾ അക്കാദമി' ഉടമയായ എം.എസ്. സന്തോഷ് സമർപ്പിച്ച പരാതിയിലാണ് കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്

ഫിഫ നിലവാരത്തിൽ ഫുട്ബാൾ ഗ്രൗണ്ടിൽ കൃത്രിമപുൽത്തകിടി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് 2019 ആഗസ്റ്റിൽ പരാതിക്കാരൻ എതിർകക്ഷിയെ സമീപിച്ചത്. ഫിഫ അംഗീകാരം ഉള്ള "ലിമോണ്ട" എന്ന അന്താരാഷ്ട്ര ബ്രാൻഡിന്റെ പുൽത്തകിടി സ്ഥാപിച്ചുനൽകാം എന്ന കമ്പനിയുടെ വാഗ്ദാനത്തിൽ, സംരംഭകൻ വീട് പണയപ്പെടുത്തി ലഭിച്ച 25,04 ,700 രൂപ എതിർകക്ഷിക്ക് നൽകി. എന്നാൽ, സ്ഥാപിച്ച പുൽത്തകിടി പെട്ടെന്ന് നശിക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ നടത്തിയ അന്വേഷണത്തിൽ നിലവാരമില്ലാത്ത പ്രാദേശിക ബ്രാൻഡായ പുൽത്തകിടിയാണ് വിതരണ കമ്പനി ഉപയോഗിച്ചതെന്ന് ബോധ്യമായി.

പുൽത്തകിടി ഉപയോഗ്യ ശൂന്യമായ സാഹചര്യത്തിൽ വിതരണ കമ്പനിയെ സമീപിച്ചെങ്കിലും വീണ്ടും ഫിഫ അംഗീകാരം ഇല്ലാത്ത ലോക്കൽ ബ്രാൻഡ് പുൽത്തകിടി സ്ഥാപിക്കാനാണ് തയാറായത്. എതിർകക്ഷിയുടെ വഞ്ചനാപരമായ പ്രവർത്തിമൂലം ജീവിതമാർഗം വഴിമുട്ടിയ സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

പരാതി പരിഗണിച്ച കോടതി പരാതിക്കാരന്റെ ജീവിതമാർഗമാണ് എതിർകക്ഷിയുടെ സേവനത്തിലെ ന്യൂനത മൂലം പ്രതിസന്ധിയിലായതെന്നും അക്കാദമിയിൽ പരിശീലിച്ച കുട്ടികൾക്ക് ഇതുമൂലം പരിക്കുപറ്റുകയും പരിശീലനത്തിൽ നിന്നും പിന്മാറുകയും ചെയ്തതായി കണ്ടെത്തി. ഫിഫ നിലവാരമുള്ള "ലിമോണ്ട" ബ്രാൻഡ് പുൽത്തകിടി ഫുട്ബാൾ ഗ്രൗണ്ടിൽ സ്ഥാപിക്കുന്നതിൽ എതിർകക്ഷി പരാജയപ്പെട്ടതായും പണം വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത ഉൽപന്നവും സേവനവും നൽകാതിരുന്നത് അധാർമികമായ വ്യാപാര രീതിയാണെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

പരാതിക്കാരൻ നൽകിയ 25,04,700 രൂപയും കൂടാതെ 85,000 രൂപ നഷ്ടപരിഹാരം 9 ശതമാനം പലിശ സഹിതം 30 ദിവസത്തിനകം നൽകാൻ എതിർകക്ഷിയായ 'സ്പോർട്സ് ടെറൈൻ' എന്ന വിതരണ കമ്പനിക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. ബ്ലോസം മാത്യു ഹാജരായി.

Tags